'ജനങ്ങളുടെ ആശങ്ക അകറ്റണം,സുരക്ഷ ഉറപ്പാക്കണം': സിസിഎഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി

വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് പ്രിയങ്ക

Update: 2025-01-26 06:12 GMT
Editor : rishad | By : Web Desk

കല്പറ്റ: വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. 

പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്- ദീപ കെഎസ് ഐഎഫ്എസുമായി ദീർഘനേരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ആശങ്ക പങ്കുവച്ചു. ജനുവരി മാസത്തിൽ മാത്രം നാല്‌ മനുഷ്യ ജീവനുകളാണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് പ്രിയങ്ക പറഞ്ഞു.

അതേസമയം കടുവക്കായി തെരച്ചിൽ പുരോഗമിക്കുന്നതിനിടെ വയനാട് ഭീതി വിതച്ച് പുലിയുടെ ആക്രമണവും. കല്പറ്റ പെരുന്തട്ടയിൽ പുലി പശുക്കിടാവിനെ കൊന്നു. പെരുന്തട്ട സ്വദേശി ഷൺമുഖന്റെ പശുവിനെയാണ് പുലി കൊന്നത്. പഞ്ചാരക്കൊല്ലിയിലെ കടുവക്കായി ഡോക്ടർ അരുൺ സകറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രദേശത്തെ തെരച്ചിൽ നടത്തുന്നത്. കടുവയെ പിടികൂടുന്നതിനായി ഇന്നലെ ഒരു കൂടു കൂടി സ്ഥാപിച്ചിട്ടുണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News