Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഇടുക്കി: അടിമാലിയില്‍ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരെ ആദിവാസി സംഘടനകള്‍. അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉണ്ടായ ചികിത്സവീഴ്ചയാണ് മരണകാരണമെന്നാണ് പരാതി. ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അടിമാലി കുറത്തിക്കുടി സ്വദേശികളായ ആശ ഷിബു ദമ്പതികളുടെ കുഞ്ഞാണ് കഴിഞ്ഞ 16ന് മരണപ്പെട്ടത്. ആശ പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്നു. വേണ്ടത്ര പരിചരണം നല്‍കാതെ മടക്കി അയച്ചു. അതേദിവസം വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയും അവിടെവച്ച് ഉണ്ടായ കുഞ്ഞ് അധികം വൈകാതെ മരിക്കുകയും ചെയ്തു.
സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.പോലീസും എസ് സി എസ് ടി കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടില്ല. ഇതാണ് പ്രതിഷേധത്തിന് കാരണം.
ഇന്നലെ മുതുവാന്‍ അത് ആദിവാസി സമുദായ സംഘത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് ധര്‍ണയം നടത്തി. കുറ്റക്കാരെ അടിയന്തരമായി പുറത്താക്കണമെന്നും ആരോഗ്യവകുപ്പ് കൃത്യമായി വിഷയത്തില്‍ ഇടപെടണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.