‘ഒന്നാം പ്രതിക്കെതിരെ ഡി.എൻ.എ തെളിവ്, മൂന്നാം പ്രതിയുടെ അമ്മ പറ‍ഞ്ഞിട്ടുണ്ട് മകന്റെ ബൈക്കാണിതെന്ന്’; നൂറോളം തെളിവുകൾ കോടതിക്ക് മുന്നിൽ നിരത്തിയ കേസാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘ഡി.എൻ.എ തെളിവുകൾ ചലഞ്ച് ചെയ്യാൻ പ്രതിഭാഗത്തിനായിട്ടില്ല. മരിച്ച ഉസ്താദിന്റെ ബ്ലഡായിരുന്നു ഒന്നാം പ്രതിയുടെ ശരീരത്തിലുണ്ടായിരുന്നത്’

Update: 2024-03-30 07:05 GMT

റിയാസ് മൗലവി

കാസർകോട്: ഒരുപാട് തെളിവുകളുള്ള കേസാണിതെന്നും എന്നിട്ടും റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷാജിത്ത്. 

കാസർകോട് മുഹമ്മദ് റിയാസ് മൗലവി വധകേസില്‍ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരെ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി  വെറുതെ വിട്ടിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസിൽ വിധി പറഞ്ഞത്. 

Advertising
Advertising

'ഒന്നാം പ്രതിക്കെതിരെ ഡി.എൻ.എ തെളിവുണ്ട്. റിയാസ് മൗലവിയെ കുത്തിയെന്ന് പറയുന്ന കത്തിയിലെ ഫൈബർ കണ്ടന്റുകൾ ഒന്നാം പ്രതി എടുത്തുകൊടുത്ത കത്തിയിൽ നിന്ന് കിട്ടിയതാണെന്നും അഡ്വ. ഷാജിത്ത്  മാധ്യമങ്ങളോട് പറഞ്ഞു. ഒന്നാം പ്രതിയുടെ മുണ്ടിലും ഷർട്ടിലും കണ്ട രക്തം റിയാസ് മൗലവിയുടെതാണെന്ന് തെളിയിച്ചിട്ടുണ്ട്. ഡി.എൻ.എ തെളിവുകൾ ചലഞ്ച് ചെയ്യാൻ പ്രതിഭാഗത്തിനായിട്ടില്ല. മരിച്ച ഉസ്താദിന്റെ ബ്ലഡായിരുന്നു ഒന്നാം പ്രതിയുടെ ശരീരത്തിലുണ്ടായിരുന്നത്.ആ ബ്ലഡിനെ പോലും വില കൽപ്പിച്ചില്ല എന്നാണ് പറയാനുള്ളത്.' പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.

'കൊലപാതകത്തിനായി പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ ത​ന്റെ മകനുപയോഗിക്കുന്നതാണെന്ന് മൂന്നാം പ്രതിയുടെ അമ്മതന്നെ വന്ന് പറഞ്ഞിട്ടുണ്ട്. ആ മോട്ടോർ സൈക്കിളിൽ രക്തമുണ്ടായിരുന്നു.ഡി.എൻ.എ പരിശോധിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് നിന്ന് വിളിച്ച് വരുത്തി വിസ്തരിച്ചിട്ടുണ്ട്. അതു പോലെ പ്രതികളുടെ മൈാബൈലിലുള്ള ഡാറ്റകൾ അടങ്ങുന്ന വിവരങ്ങൾ കോടതിക്ക് മുന്നിൽ അഞ്ച് ദിവസമാണ് വിസ്തരിച്ചത്.

കൊലക്ക് ശേഷമുള്ള സെൽഫികളും, കൊലപാതകത്തിനുള്ള പ്രേരണകളുടെ തെളിവുകളും മൊബൈലിലുണ്ടായിരുന്നു.ഇതിനൊക്കെ പുറമെ ടവർ ലൊക്കേഷൻ ഉണ്ട്. സൈന്റിഫിക്ക് തെളിവുകൾ ഉണ്ട്. ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്ക് എതിരെ ഏകദേശം നൂറോളം സാഹചര്യത്തെളിവുകൾ കോടതിയുടെ മുന്നിൽ നിരത്തിയ കേസാണിത്.എന്നിട്ടും കോടതിയുടെ ഇത്തരമൊരു കണ്ടെത്തൽ തികച്ചും ദൗർഭാഗ്യകരമെന്നേ പറയാനാകുള്ളു.

ഇത്രയുമധികം തെളിവുകളുള്ള ഒരു കേസിലെ പ്രതി​കളെ വെറുതെ വിടുക എന്നതി​ന്റെ ഇംപാക്ടും ജനങ്ങൾക്ക് നൽകുന്ന സന്ദേശവും വളരെ മോശമാണ്. തീർച്ചയായും ഇതിനെതിരെ അപ്പീൽ പോകും. തെളിവുകളുടെ അടിസ്ഥാനത്തിൽ ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികളെയും ​വെറുതെ വിടണ്ട കേസല്ല ഇത്. ഏറ്റവും നന്നായി അന്വേഷണം നടത്തുന്ന ​അന്വേഷണസംഘത്തിന്റെ ആത്മ വിശ്വാസം തകർന്നുന്ന വിധിയാണിത്'. ജഡ്ജമെന്റിന്റെ പൂർണരൂപം പുറത്തുവന്നിട്ട് കൂടുതൽ പറയാം എന്നും പബ്ലിക്പ്രോസിക്യൂട്ടർ പറഞ്ഞു.

പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019ൽ കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. 

Full View


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News