വന്യജീവി ആക്രമണം: പുൽപ്പള്ളി പ്രതിഷേധത്തിൽ രണ്ടുപേർ അറസ്റ്റിൽ

വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനിടെ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിലാണു നടപടി

Update: 2024-02-18 16:52 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ നടപടി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ. പുൽപ്പള്ളിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ നടന്ന അക്രമസംഭവങ്ങളിലാണ് കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരെ കസ്റ്റഡിയിലെടുത്തത്.

വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസിലാണു നടപടി. സംഭവത്തിൽ അഞ്ചുകേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മേഖലയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമത്തിന്റെ ഭാഗമായി കൂടുതൽ അറസ്റ്റ് ഉടൻ തന്നെയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും സംഘടിതശക്തിയുടെ പ്രേരണയാലാണോ ആക്രമണം നടന്നതെന്നും പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.

Full View

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നൂറോളംപേർക്കെതിരെയാണു ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ വാഹനം നശിപ്പിക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, മൃതദേഹം തടഞ്ഞുവച്ചുള്ള പ്രതിഷേധം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

Summary: Two arrested in protests at Pulpally demanding action against wild animal's attacks in Wayanad

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News