Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്‌ളാറ്റില്‍ ബീമാപള്ളിയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് അവഗണന. സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന ഫ്‌ലാറ്റുകളില്‍ വിവേചനപരമായ സമീപനം സ്വീകരിക്കുന്നതായും ബീമാപള്ളി തീരദേശവാസികള്‍ പറയുന്നു.
മുട്ടത്തറയില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രതിഷേധം ഉയരുന്നത്. 2016-ലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യഘട്ട പുനര്‍വാസ പദ്ധതിയില്‍ ബീമാപള്ളിയിലെ അര്‍ഹരായ 168 അപേക്ഷകര്‍ ആദ്യം അവഗണിക്കപ്പെട്ടു.
ഒരു വിഭാഗത്തിനെമാത്രം അവഗണിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ അന്നത്തെ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ നേരിട്ട് ബീമാപള്ളി മഹല്ല് ഓഫീസില്‍ എത്തി മറ്റൊരിടത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും എന്ന ഉറപ്പ് നല്‍കി. തുടര്‍ന്ന് വെറും 20 പേര്‍ക്ക് മാത്രമാണ് വീട് ലഭിച്ചത്. അന്ന് വീട് ലഭിക്കാത്ത 148 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ 587 പുതിയ അപേക്ഷകളും മുന്‍പ് നല്‍കിയ അപേക്ഷകളുമായി 735 പേര്‍ ഭവനരഹിതരായി ഫ്‌ളാറ്റിനു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് 36 പേര്‍ക്ക് മാത്രം ഫ്‌ലാറ്റ് നല്‍കുന്നത്.പലതവണ സര്‍ക്കാരിനോട് വിഷയം ഉന്നയിച്ചിട്ടും അവഗണനയാണ് മറുപടി.
ഒരു പ്രദേശത്തെയും ഒരു മതവിഭാഗത്തെയും മാത്രം ഒഴിവാക്കി ഫ്‌ളാറ്റുകള്‍ വിതരണം ചെയ്യുന്നത് വിവേചനമാണെന്ന് ആവര്‍ത്തിക്കുകയാണ് ബീമാപ്പള്ളികാര്‍.