ഭക്ഷണം കഴിക്കാന്‍ പോലും കാശില്ല, എന്നിട്ടും കുമാറിന്‍റെ മനസ് പതറിയില്ല; വഴിയില്‍ നിന്ന് കിട്ടിയ സ്വര്‍ണമടങ്ങിയ പഴ്സ് ഉടമക്ക് തിരിച്ചേല്‍പ്പിച്ചു
തമിഴ്നാട് ട്രിച്ചി സ്വദേശിയായ കുമാര്‍ ജോലി തേടിയാണ് കോഴിക്കോട്ടെത്തിയത്
കോഴിക്കോട്: ജോലി തേടി മറുനാട്ടിലെത്തി ഭക്ഷണം പോലും കഴിക്കാതെ അലയുന്ന യുവാവിന് സ്വർണാഭരണമടങ്ങിയ പഴ്സ് കളഞ്ഞുകിട്ടിയാല്‍ എന്തു ചെയ്യും?.കൈയില്‍ പണമില്ലാഞ്ഞിട്ടും കളഞ്ഞുകിട്ടിയ പഴ്സ് യഥാര്‍ഥ ഉടമയെ തിരിച്ചേല്‍പ്പിച്ച് തമിഴ്നാട് ട്രിച്ചി സ്വദേശിയായ യുവാവ് മാതൃകയാകുകയാണ്.
തമിഴ്നാട് തൃച്ചി സ്വദേശിയായ കുമാർ എന്ന 27 കാരന്‍ കോഴിക്കോടേക്ക് വണ്ടി കയറിയത് ജോലി തേടിയാണ്. താമരശ്ശേരിയിലെത്തിയ കുമാർ പോസ്റ്റ് ഓഫീസിനു സമീപത്തിലൂടെ നടക്കുമ്പോഴാണ് റോഡരികിൽ പഴ്സ് കാണുന്നത്. പഴ്സില്‍ സ്വർണ്ണാഭരണമാണെന്നറിഞ്ഞ കുമാർ ഉടന്‍ തന്നെ അടുത്ത കടക്കാരനെ പഴ്സ് ഏല്‍പിച്ചു. സ്വർണ്ണാഭരണം വാങ്ങിയ കട മനസിലാക്കി അവിടെ നിന്ന് യഥാർഥ ഉടമയെ കണ്ടെത്തി സ്ഥലത്തെത്തിച്ചു. സ്വർണ്ണം നഷ്ടപ്പെട്ടവർക്ക് കുമാർ തന്നെ പഴ്സ് കൈമാറി.
കുമാറിന്റെ കഥ അന്വേഷിച്ചപ്പോഴാണ് ജോലി തേടിയിറങ്ങി ഭക്ഷണം പോലും കഴിക്കാതെ നടക്കുകയാണെന്ന് അറിഞ്ഞത്.കുമാറിന് നാട്ടിലെത്താനും ചെലവിനുമുള്ള തുകയും പഴ്സിന്‍റെ ഉടമയായ ചമല്‍ സ്വദേശി എല്‍സി നല്‍കി. സ്വർണക്കടക്കാരന്‍ കുമാറിന് ഭക്ഷണവും നല്‍കി യാത്രയയച്ചു. നാട്ടില്‍ ജോലി കിട്ടിയില്ലെങ്കില്‍ തിരികെ എത്താനും കുമാറിനോട് താമരശ്ശേരിയിലെ കടക്കാർ പറഞ്ഞിട്ടുണ്ട്. അതിനിടെ, ടെലിഫിലിം സംവിധായകനും ടു വീലർ കടയുടമയുമായ സിദ്ധീഖ് ചേന്ദമംഗലൂര്‍ കുമാറിന് ജോലി വാഗ്ദാനം ചെയ്തു. നാട്ടിൽ മടങ്ങിയെത്തിയാൽ ടൂവീലർ ഷോറുമിൽ ജോലിയിൽ കയറാമെന്ന് കുമാറിനെ അറിയിച്ചു.