'ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാൻ തുടങ്ങിയ പോർട്ടലിന്റെ ലിങ്ക് കിട്ടോ?'; കെ.ടി ജലീലിനോട് പി.വി അൻവർ
2024 സെപ്റ്റംബർ രണ്ടിനിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാണിക്കാൻ പോർട്ടൽ തുടങ്ങുമെന്ന് ജലീൽ പറഞ്ഞത്
കോഴിക്കോട്: കെ.ടി ജലീലിനെതിരെ വീണ്ടും പി.വി അൻവർ. കെ.ടി ജലീൽ തുറന്നുകാട്ടിയ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളിൽ ഒന്ന് ഉണ്ടോ? എന്നാണ് അൻവറിന്റെ ചോദ്യം. അതിനായി ജലീൽ തുറങ്ങിയ പോർട്ടലിന്റെ ലിങ്ക് അറിയാവുന്നവർ ഒന്ന് കമന്റ് ചെയ്യുമോ എന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
2024 സെപ്റ്റംബർ രണ്ടിനിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാണിക്കാൻ പോർട്ടൽ തുടങ്ങുമെന്ന് ജലീൽ പറഞ്ഞത്. ''ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഒരു അധികാര പദവിയും വേണ്ട. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടു. അതിനായി ഒരു പോർട്ടൽ തുടങ്ങും''- എന്നൊക്കെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പോസ്റ്റ് ചെയ്താണ് അൻവർ പോർട്ടലിന്റെ ലിങ്ക് ചോദിക്കുന്നത്.