'പുഴുക്കുത്ത് പിടിച്ച മനസ്സുള്ളവർ എന്തും പറയട്ടെ'; ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍.ബിന്ദു

രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്

Update: 2024-03-21 06:01 GMT

തിരുവനന്തപുരം: നര്‍ത്തകി കലാമണ്ഡലം സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍.ബിന്ദു. രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്‍റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിന്ദു ഫേസ്ബുക്കില്‍ കുറിച്ചു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷണന്‍ പ്രതികരിച്ചു.

Advertising
Advertising

ബിന്ദുവിന്‍റെ കുറിപ്പ്

സർഗ്ഗധനനായ കലാപ്രതിഭ ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്‍റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.

രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്‍റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര മുദ്രകളിൽ നിന്ന് മഹത്തായ കലയെ മുക്തമാക്കി കാലോചിതമായി പരിഷ്ക്കരിച്ച കലാപ്രവർത്തകരുടെ മുൻനിരയിലാണ് അദ്ദേഹം. ഒരു കലാരൂപവും ജാതി/ മത/ ലിംഗ/ ദേശ പരിഗണനകളുടെ പരിമിതവൃത്തങ്ങളുടെ സങ്കുചിത ഇടങ്ങളിൽ ഒതുക്കപ്പെട്ടരുത്. കലയെ സ്നേഹിക്കുന്ന, ഉപാസിക്കുന്ന ഏതൊരാൾക്കും അതിന്മേൽ അവകാശമുണ്ട്.

മോഹിനിയാട്ടത്തിൽ ആർ എൽ വി യിൽ നിന്ന് ആരംഭിച്ച ഉന്നതപഠനം കലാമണ്ഡലത്തിൽ നിന്ന് എം ഫിൽ, പി എച്ച്ഡി ബിരുദങ്ങൾ നേടി, പെർഫോമിംഗ് ആർട്സിൽ നെറ്റ് നേടി മുന്നോട്ടു കൊണ്ടുപോയ എന്‍റെ പ്രിയ അനുജൻ ആർഎൽവി രാമകൃഷ്ണന് സ്നേഹാഭിവാദ്യങ്ങൾ. ... മോഹിനിയാട്ടത്തിന്‍റെ വഴികളിൽ നിങ്ങൾ എഴുതിച്ചേർത്തത് പുതുചരിത്രമാണ്. ... മറ്റാരേക്കാളും തലപ്പൊക്കം നിങ്ങൾക്കാണതിൽ അവകാശപ്പെടാൻ കഴിയുക. ... അഭിനന്ദനങ്ങൾ.

''പ്രിയപ്പെട്ട അനിയാ...പുഴുക്കുത്ത് പിടിച്ച മനസുകളുള്ളവര്‍ എന്തും പറയെട്ട. നിങ്ങള്‍ മോഹിനിയാട്ടത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണ്...സ്നേഹവും ബഹുമാനവും'' മറ്റൊരു കമന്‍റില്‍ അവര്‍ കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News