'തുപ്പലില്ലാ ഹോട്ടലി'ൽ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ഐക്യദാർഢ്യം: സാമൂഹിക മാധ്യമങ്ങളിൽ വിമർശനവും പരിഹാസവും

തുപ്പലും കഫവുമില്ലാത്ത, നോണ്‍ ഹലാല്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ എന്ന് ലിസ്റ്റു ചെയ്ത കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് ഡി.വൈ.എഫ്‌.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്

Update: 2021-11-21 06:34 GMT
Editor : ijas
Advertising

'തുപ്പലും കഫമുമില്ലാത്ത ഹോട്ടൽ' എന്ന കാറ്റഗറിയിൽ സംഘ പരിവാർ പ്രൊഫൈലുകൾ ലിസ്റ്റ് ചെയ്ത ഹോട്ടലിൽ കയറി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റിന്‍റെ ഐക്യദാർഢ്യം. ഹലാല്‍ ഹോട്ടലുകളിലെ ഭക്ഷണത്തില്‍ തുപ്പുന്നുണ്ടെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വിവിധ നഗരങ്ങളിലെ ഹലാല്‍ വിരുദ്ധ ഹോട്ടലുകള്‍ സംഘപരിവാര്‍ ലിസ്റ്റു ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഹോട്ടലുടമകളെ മതപരമായി വേര്‍തിരിച്ച് മുസ്‌ലിം ഉടമകളുടേതല്ലാത്ത ഹോട്ടലുകളുടെ പേരുകളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതില്‍ തുപ്പലും കഫവുമില്ലാത്ത, നോണ്‍ ഹലാല്‍ ഭക്ഷണം കിട്ടുന്ന ഹോട്ടല്‍ എന്ന് ലിസ്റ്റു ചെയ്ത കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് ഡി.വൈ.എഫ്‌.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ചിത്രം ഫേസ്ബുക്കിൽ പങ്കു വെച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വി വസീഫ്, എൽ.ജി ലിജീഷ്, പി ഷിജിത്ത്, അഖിൽ, ഉണ്ണികൃഷ്ണൻ എന്നിവരും റഹീമിനൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു.

Full View

അതെ സമയം സംഘപരിവാര്‍, ബി.ജെ.പി പ്രവര്‍ത്തകര്‍ തുപ്പിയ ഭക്ഷണം വിളമ്പുന്നില്ലായെന്ന് പ്രചരിപ്പിച്ച ഹലാല്‍ വിരുദ്ധ ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ച എ.എ റഹീമിന്‍റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നു.

'പാതിരാത്രി പാരഗൺ ഹോട്ടലിന് കാവൽ നിന്ന റഹീമിക്ക എന്ന് തന്നെ ചരിത്രം രേഖപ്പെടുത്തും, പള്ളിക്ക് കാവൽ നിന്ന കുഞ്ഞിരാമേട്ടന് തൊട്ട് താഴെ', എന്ന് കോണ്‍ഗ്രസ് സഹയാത്രികനും, രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് ഇന്‍ചാര്‍ജുമായ വി.ആര്‍ അനൂപ് റഹീമിനെ പരിഹസിച്ചു. റഹീമിന്റെ ഐക്യദാർഢ്യ പോസ്റ്റിന് താഴെയും നിരവധി പേർ വിമർശന പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.

Full View

മുസ്‍ലിം ഉടമസ്ഥതയിലുള്ള ഹലാൽ ഹോട്ടലുകൾക്കെതിരെയാണ് സംഘപരിവാര്‍ പ്രചാരണമെന്നും റഹീമിന് അൽപ്പം ധൈര്യവും രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും ഉണ്ടെങ്കിൽ, ടാഗ് ചെയ്‌തതും ടാർഗറ്റു ചെയ്‌തതുമായ ഒരു റസ്റ്റോറന്‍റില്‍ നിന്ന് ഈ ഫോട്ടോ എടുക്കാൻ ധൈര്യപ്പെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹീം വിമര്‍ശിച്ചു.

ഷംസീര്‍ ഇബ്രാഹീമിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

മുസ്‍ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ ഹലാൽ ഭക്ഷണം നൽകുന്നതിനെതിരെ കേരളത്തിലെ സംഘപരിവാർ വിഷം നിറഞ്ഞ കാമ്പയിന്‍ ആരംഭിച്ചത് വിവിധ ജില്ലകളിലെ ഹലാൽ അല്ലാത്ത ഹോട്ടലുകളെ കേന്ദ്രീകരിച്ചാണ്, അതും ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തിൽ. മുസ്‌ലിംകൾക്കെതിരായ വർഗീയ ധ്രുവീകരണവും വിദ്വേഷവും ശക്തിപ്പെടുത്തുക എന്ന അവരുടെ ഉദ്ദേശ്യം വ്യക്തമാണ്, മുൻകാലങ്ങളിൽ ജൂതന്മാർക്കെതിരെ ഉപയോഗിച്ച അതേ തന്ത്രം. ഈ നീക്കത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷനും പട്ടികയിലെ ചില ഹോട്ടൽ മാനേജ്‌മെന്‍റുകളും ഉൾപ്പെടെയുള്ള വിവേകശാലികളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ ഇവിടെ സഖാവ് എ.എ റഹീം, ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡണ്ട് സംഘ് സ്പോൺസർ ചെയ്ത ഹലാൽ ഇതര ലിസ്റ്റിലെ ഹോട്ടലുകളിൽ ഒന്ന് സന്ദർശിച്ച് ധ്രുവീകരണത്തിനെതിരെ ശബ്ദമുയർത്തുന്നു! പ്രിയ സഖാവേ, താങ്കളുടെ നല്ല അറിവിന്, ഹലാൽ ഹോട്ടലുകൾക്കെതിരെയാണ് പ്രചാരണം, മുസ്‍ലിം ഉടമസ്ഥതയിലുള്ള ഹോട്ടലുകൾക്ക് എതിരാണ്. നിങ്ങൾക്ക് അൽപ്പം ധൈര്യവും രാഷ്ട്രീയ ധാർമികതയും സത്യസന്ധതയും ഉണ്ടെങ്കിൽ, ടാഗ് ചെയ്‌തതും ടാർഗെറ്റുചെയ്‌തതുമായ ഒരു റസ്റ്റോറന്‍റില്‍ നിന്ന് ഈ ഫോട്ടോ എടുക്കാൻ ധൈര്യപ്പെടുക. എനിക്ക് ഉറപ്പുണ്ട്, നിങ്ങൾക്ക് കഴിയില്ല.

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News