ഡൽഹിയിലെയടക്കം ബിജെപി സർക്കാരുകളുടെ ബുൾഡോസർ ക്രൂരത കർണാടകയിൽ കോൺഗ്രസ് സർക്കാർ ചെയ്യുന്നു: റഹ്മത്തുല്ല സഖാഫി എളമരം

'ജനങ്ങൾക്ക് പാർപ്പിടവും സുരക്ഷയും ഒരുക്കേണ്ട ഭരണകൂടം ഈ തണുപ്പുകാലത്ത് സ്വന്തം ജനതയോട് ചെയ്തത് കൊടും ക്രൂരതയാണ്'.

Update: 2025-12-26 04:16 GMT

കോഴിക്കോട്: ഡൽഹിയിലും അസമിലും ഗുജറാത്തിലുമുൾപ്പെടെ ബിജെപി സർക്കാരുകൾ ചെയ്ത ബുൾഡോസർ രാജ് ക്രൂരത കർണാടകയിൽ കോൺഗ്രസ് സർക്കാരാണ് ചെയ്യുന്നതെന്ന് കാന്തപുരം വിഭാ​ഗം എസ്‌വൈഎസ്‌ ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം.

ബംഗളൂരുവിൽ 3000 പേരുടെ വീടുകളാണ് സർക്കാർ ബുൾഡോസർ വച്ച് കോരിക്കളഞ്ഞത്. ജനങ്ങൾക്ക് പാർപ്പിടവും സുരക്ഷയും ഒരുക്കേണ്ട ഭരണകൂടം ഈ തണുപ്പുകാലത്ത് സ്വന്തം ജനതയോട് ചെയ്തത് കൊടും ക്രൂരതയാണ്. പ്രായം ചെന്നവരും രോഗികളും ചെറിയ കുട്ടികളും ഗർഭിണികളുമെല്ലാം തണുത്തു വിറയ്ക്കുന്ന കാഴ്ച ദയനീയമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Advertising
Advertising

തെരുവിലേക്ക് പുറംതള്ളപ്പെട്ട പാവങ്ങളെ എത്രയുംവേഗം പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ ഇടപെടണമെന്നം റഹ്മത്തുല്ല സഖാഫി ആവശ്യപ്പെട്ടു. കർണാടക ബെംഗളൂരു കൊഗിലു വില്ലേജിലാണ് കർണാടക സർക്കാർ ബുൾഡോസർ രാജ് നടത്തിയത്. 300ലേറെ കുടുംബങ്ങളാണ് ഭവനരഹിതരായത്.

ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി കൈയേറി കുടിലുകള്‍ സ്ഥാപിച്ചെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് മുന്നറിയിപ്പുകളില്ലാതെ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തി കുടിലുകള്‍ പൊളിച്ച് മാറ്റിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബംഗളൂരുവിൽ 3000 പേരുടെ വീടുകളാണ് സർക്കാർ ബുൾഡോസർ വെച്ച് കോരിക്കളഞ്ഞത്. ജനങ്ങൾക്ക് പാർപ്പിടവും സുരക്ഷയും ഒരുക്കേണ്ട ഭരണകൂടം ഈ തണുപ്പുകാലത്ത് സ്വന്തം ജനതയോട് ചെയ്തത് കൊടുംക്രൂതയാണ്. പാവപ്പെട്ട ജനങ്ങൾ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന സ്ഥലമാണിത്. വാട്ടർ പ്ലാൻ്റേഷൻ നിർമിക്കാനാണത്രെ ഈ കുടിയൊഴിപ്പിക്കൽ.

പ്രായം ചെന്നവരും രോഗികളും ചെറിയ കുട്ടികളും ഗർഭിണികളുമെല്ലാം തണുത്ത് വിറക്കുന്ന കാഴ്ച ദയനീയമാണ്. ഡൽഹിയിലും അസമിലും ഗുജറാത്തിലുമൊക്കെ ബിജെപി സർക്കാരുകളായിരുന്നു ഈ ക്രൂരതക്ക് നേതൃത്വം കൊടുത്തതെങ്കിൽ ഇവിടെ സ്നേഹത്തിൻ്റെ കട തുറക്കാൻ വന്ന കോൺഗ്രസ് സർക്കാരാണ് കണ്ണിൽചോരയില്ലാത്ത ഈ പണി ചെയ്തത്. തെരുവിലേക്ക് പുറംതള്ളപ്പെട്ട ഈ പാവങ്ങളെ എത്രയും വേഗം പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ ഇടപെടണമെന്ന് അഭ്യർഥിക്കുകയാണ്.

Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News