ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ചേർത്തുപിടിച്ച് സോണിയയും രാഹുലും
നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന സോണിയയും രാഹുല്‍ ഗാന്ധിയും
ബംഗളൂരു: ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി തുടങ്ങിയവർ. ബംഗളൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച സ്ഥലത്താണ് കോൺഗ്രസ് നേതാക്കൾ എത്തിയത്. നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.
അതേസമയം കേരളത്തിന്‍റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിനുണ്ടായ വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി.
പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻ ചാണ്ടി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
എന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് എ.കെ ആന്റണി പ്രതികരിച്ചു. ഉമ്മൻചാണ്ടിയും ഞാനും തമ്മിൽ വിദ്യാർഥി രാഷ്ട്രീയം മുതലുളള പരിചയമാണെന്നും ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും എ.കെ ആന്റണി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.