പി.സി ജോർജിനെ ഇഫ്താറിന് വിളിക്കണമെന്ന് രാഹുൽ ഈശ്വർ; പെൺകുട്ടികളെ കോഴിക്കോട്ട് നിന്ന് കടൽമാർഗം അഫ്ഗാനിലേക്ക് കടത്തുന്നതായി ജോർജ്

മുസ്‌ലിംകൾ 20 കുട്ടികൾക്ക് ജന്മം നൽകുന്നു എന്നാണ് ജോർജിന്റെ മറ്റൊരു വ്യാജപ്രചാരണം.

Update: 2025-03-17 11:34 GMT

കോഴിക്കോട്: സ്വന്തമായി കടൽ തീരമോ സമുദ്ര ബന്ധമോ ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്ക് കോഴിക്കോട് നിന്ന് കടൽമാർഗം പെൺകുട്ടികളെ കടത്തുന്നുവെന്ന വിചിത്രവാദവുമായി ബി.ജെ.പി നേതാവ് പി.സി ജോർജ്.ലവ് ജിഹാദിന് ഇരയാക്കുന്ന പെൺകുട്ടികളെയാണത്രെ ഇപ്രകാരം കടത്തുന്നത്. വലതുപക്ഷ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറുമായുള്ള ഫോൺ സംഭാഷണത്തിലാണ് ജോർജ് ഈ വാദമുന്നയിച്ചത്. ജോർജിൻ്റെ അനുമതിയോടെ രാഹുൽ ഈശ്വർ ഈ സംഭാഷണം തൻ്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു. പി.സി ജോർജിനെ ഇഫ്താർ സംഗമത്തിലേക്ക് അതിഥിയായി വിളിക്കണമെന്ന് രാഹുൽ ഈശ്വറും അഭിപ്രായപ്പെട്ടു.

Advertising
Advertising

ലൗ ജിഹാദ് പ്രശ്‌നം കേരളത്തിൽ വർഷങ്ങൾക്ക് മുമ്പേ ഉടലെടുത്തതാണെന്നും തന്റെ മേഖലയിലെ 400ഓളം ഹിന്ദു- ക്രിസ്ത്യൻ കുട്ടികളെ മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ കൊണ്ടുപോയിട്ടുണ്ടെന്നും ജോർജ് ആവർത്തിക്കുന്നു. 'കല്യാണം കഴിക്കുകയാണെങ്കിൽ വിരോധമില്ല; ഇത് അതല്ല, കൊണ്ടുപോകുന്ന ഒന്നിനെയും കാണുന്നില്ല പിന്നെ. ഞാനത് മനസിലാക്കിയത്, ഇവര് കോഴിക്കോട് കൊണ്ടു പോയി അവരുടെ കേന്ദ്രത്തിൽ എത്തിക്കുന്നു, ഒരാഴ്ചക്കകം മോശം പെരുമാറുന്നു, പിന്നെ കടൽ വഴി അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തുന്നുവെന്നാണ് പറയപ്പെടുന്നത്. അത് വസ്തുതാപരമായിട്ട് പറയാൻ എനിക്കറിയില്ല. ഏതായാലും കൊണ്ടുപോകുന്ന കുട്ടികളെ പിന്നെ കാണാറില്ല. അതൊരു സത്യമാണ്'- ജോർജ് പറഞ്ഞു.

ചില മുസ്‌ലിം പെൺകുട്ടികളും അതിന് സഹകരിക്കുന്നുണ്ട്. എട്ടാം തിയതി 25 വയസുള്ള ഒരു ഹിന്ദു പെൺകുട്ടി ഭരണങ്ങാനത്തുനിന്ന് പോയിട്ടുണ്ട്. അതിൽ മാതാപിതാക്കൾക്ക് പരാതിയുണ്ടോയെന്ന് രാഹുൽ ഈശ്വർ ചോദിക്കുമ്പോൾ, പെൺകുട്ടികൾ കാണാതായാൽ പരാതി കൊടുക്കാൻ വീട്ടുകാർ മടിക്കും എന്നാണ് ജോർജിന്റെ മറുപടി.

'കൊണ്ടുപോകുന്നവരെ ഇവർ കല്യാണം കഴിച്ചാൽ കുഴപ്പമില്ല, താൻ തന്നെ ഒരു ക്രിസ്ത്യൻ പെണ്ണിനെ മുസ്‌ലിം ചെറുക്കന് കല്യാണം കഴിച്ചുകൊടുത്തിട്ടുണ്ട്. അവരിപ്പോൾ മൂന്ന് കുട്ടികളുമായി ജീവിക്കുന്നുണ്ട്. അങ്ങനെ ജീവിക്കട്ടെ. അവർ മുസ്‌ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആവട്ടെ, ഒരു വിരോധവുമില്ല. എന്തായാലും ചെറുക്കന്റെ സമുദായത്തിലേക്ക് പോവുകയാണ് നല്ലത്. കാരണം ജീവിതം ഭദ്രമാവാൻ അതാണ് നല്ലത്'- ജോർജ് തുടർന്നു.

'ക്രിസ്ത്യൻ പെൺകുട്ടികളെ 24 വയസാകുമ്പോൾ കല്യാണം കഴിച്ചയക്കണമെന്ന് പാലാ ബിഷപ്പ് വിളിച്ചുചേർത്ത യോഗത്തിൽ താൻ പറഞ്ഞു. മുസ്‌ലിം പെൺകുട്ടികളെ 18 ആവുമ്പോൾ കെട്ടിക്കുന്നു, അവർ കല്യാണം കഴിഞ്ഞും പഠിക്കുന്നുണ്ട്. അങ്ങനൊരു തീരുമാനം ഹിന്ദു-ക്രിസ്ത്യൻ മേഖലയിലും ഉണ്ടാവണം. എങ്കിലേ ഈ കുഴപ്പത്തിന് അറുതിയുണ്ടാവൂ എന്ന് പറഞ്ഞതിന് മുസ്‌ലിം വർഗീയവാദികൾ തനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്- ജോർജ് പറയുന്നു.

അതേസമയം, ക്രിസ്ത്യൻ കുടുംബത്തിൽ 1.6-1.8ഉം ഹിന്ദുക്കളിൽ 1.1-1.3ഉം മുസ്‌ലിംകളിൽ 2.7ഉം ആണ് ജനനനിരക്കെന്ന് രാഹുൽ ഈശ്വർ പറയുന്നു. അപ്പോൾ, 'മുസ്‌ലിംകൾ 20 കുട്ടികൾക്ക് ജന്മം നൽകുന്നു' എന്നായി ജോർജിന്റെ മറുപടി.

'ക്രിസ്ത്യൻ, കുടുംബങ്ങളിൽ ഒരു കല്യാണം കഴിച്ച് ഒന്നും രണ്ടും മക്കൾ ആയാൽ തീർന്നു... ഇതാ പ്രശ്‌നം, മുസ്‌ലിമിന് അങ്ങനല്ല, അവന് നാല് കെട്ടാം. ഹിന്ദുവും ക്രിസ്ത്യാനിയും രണ്ട് കുട്ടികളുടെ അപ്പനാവുമ്പോൾ മുസ്‌ലിംകൾ 20 കുട്ടികളുടെ അപ്പനാവുകയാണ്'- പി.സി ജോർജ് ആരോപിച്ചു. താനിപ്പോൾ ഏത് കല്യാണത്തിന് പോയാലും നാല് കുട്ടികളെങ്കിലും വേണമെന്ന് അവരോട് പറയുമെന്നും ജോർജ് കൂട്ടിച്ചേർത്തു.

ഇതോടെ, രണ്ടോ മൂന്നോ കുട്ടികൾ വേണമെന്ന് സർസംഘ് ചാലകും പറഞ്ഞല്ലോ എന്നായി രാഹുൽ ഈശ്വറിന്റെ മറുപടി. ശബരിമല പ്രക്ഷോഭത്തിൽ സാറാണ് നായകനായി നിന്നതെന്നും ഷോണിന്റെയും സാറിന്റേയുമൊക്കെ ത്യാഗം താൻ ഹൈലൈറ്റ് ചെയ്ത് എല്ലായിടത്തും പറയാറുണ്ടെന്നും രാഹുൽ ഈശ്വർ ജോർജിനോട് പറഞ്ഞു. പി.സി ജോർജിനെ വിളിക്കുന്ന ഓരോ ചീത്തയും നമ്മുടെ സമൂഹത്തിന്റെ പരസ്പര ഐക്യത്തിന് വിഘാതമാണെന്നും പരസ്പര സംവാദമാണ് വേണ്ടത് എന്ന മുഖവുരയോടെയാണ് രാഹുൽ ഈശ്വർ സംഭാഷണം പുറത്തുവിട്ടത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News