'തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയാളെയാണ് ബാബു ചേട്ടാ നിങ്ങൾ തോല്പിച്ചത്': സ്വരാജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം

Update: 2024-04-11 10:00 GMT
Editor : ദിവ്യ വി | By : Web Desk

കൊച്ചി: തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. എം. സ്വരാജിനെ വിമർശിച്ചാണ് മാങ്കൂട്ടത്തിലിന്റെ പ്രതികരണം. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് കെ. ബാബു തോൽപ്പിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. 'ആദ്യം ജനങ്ങൾ തോല്പിച്ചു.. പിന്നെ കോടതികൾ തോല്പ്പിച്ചു. തോറ്റിട്ടും തോറ്റിട്ടും തോൽവി സമ്മതിക്കാത്തയൊരാളെയാണ് ബാബു ചേട്ട നിങ്ങൾ തോല്പിച്ചത്.. സത്യാനന്തര കാലത്തെ തോൽവി'എന്നാണ് മാങ്കൂട്ടത്തിലിന്റെ കുറിപ്പ്.

Advertising
Advertising

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ഹരജിയിലൂടെ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് കോടതി തള്ളിയത്. ഇതോടെ കെ. ബാബുവിന് എംഎല്‍എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി.

അതേസമയം വിധിയിൽ സന്തോഷമെന്ന് കെ.ബാബു പ്രതികരിച്ചു. വിധി വിചിത്രമാണെന്നും മേൽക്കോടതിയെ സമീപിക്കുമെന്നുമാണ് എം.സ്വരാജിന്റെ പ്രതികരണം. കോടതിയിൽ തെളിവായി കൃത്യമായ രേഖകൾ കൊടുത്തു. വിധി ചോദ്യംചെയ്യപ്പെടേണ്ടതാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടാനിടയുള്ള വിധിയാണിതെന്നും എം.സ്വരാജ് പറഞ്ഞു.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News