'രാഹുൽ മാങ്കൂട്ടത്തിൽ- പി.വി അൻവർ കൂടിക്കാഴ്ച തികച്ചും വ്യക്തിപരം,തെറ്റ് കാണുന്നില്ല'; കെ.മുരളീധരൻ
ഏതെങ്കിലും ദൗത്യം പൂർത്തീകരിക്കാൻ വേണ്ടിയല്ല രാഹുൽ പോയതെന്നും മുരളീധരൻ പറഞ്ഞു
തിരുവനന്തപുരം: പി.വി അൻവർ - രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. അൻവർ മത്സരിക്കരുതെന്ന് രാഹുൽ വ്യക്തിപരമായി പറഞ്ഞു കാണും.അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. ഏതെങ്കിലും ദൗത്യം പൂർത്തീകരിക്കാൻ വേണ്ടിയല്ല രാഹുൽ പോയതെന്നും മുരളീധരൻ പറഞ്ഞു.
'അൻവറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാൻ ഒരുപാട് സമയമുണ്ട്. രാഹുൽ പി.വി അൻവറിനെ കണ്ടതിൽ താൻ തെറ്റ് കാണുന്നില്ല.സുഹൃത്തിനെ കണ്ടു എന്ന രീതിയിലെടുത്താല്‍ മതി.അന്‍വറിനോട് മത്സരിക്കരുത്, സഹകരിക്കണം എന്ന് പറഞ്ഞുകാണും. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചിലത് മറക്കേണ്ടിവരും. അത് സ്വാഭാവികമാണ്'.രാഹുൽ മാങ്കൂട്ടത്തിൽ ക്ഷണിച്ചതുകൊണ്ടാണോ സ്വരാജിനെ സിപിഎം സ്ഥാനാർഥിയാക്കിയതെന്നും മുരളീധരന്‍ ചോദിച്ചു.
അൻവർ പിണറായിസത്തിനെതിരെ പോരാടുന്ന ആളാണ്.യുഡിഎഫും അങ്ങനെ തന്നെയാണ്.അക്കാര്യങ്ങൾ വ്യക്തിപരമായി പറയാൻ വേണ്ടിയാണ് രാഹുൽ പോയതെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ തന്നെ ബിജെപിക്ക് നിരവധി നേതാക്കളുണ്ട്. എന്നാല്‍ ഇന്നു ഉച്ചക്ക് മെമ്പർഷിപ്പ് കൊടുത്ത് നാളെ നോമിനേഷന്‍ കൊടുക്കുകയാണ് ബിിജെപി ചെയ്തത്. ഇത് സിപിഎം - ബിജെപി ധാരണയാണെന്നും കെ.മുരളീധരന്‍ ആരോപിച്ചു.