'വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്ച്ചോറും ഒരു ഫുൾ ചിക്കനും'; വിദ്വേഷ പരാമര്‍ശങ്ങൾക്കിടെ മലപ്പുറം സ്നേഹഗാഥയുമായി അധ്യാപകൻ

'റംസാൻ മാസം പിറന്നാൽ പിന്നെ എൻ്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവർ'

Update: 2025-04-09 05:39 GMT

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറത്തിനെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തിൽ വിവാദം കടുക്കുമ്പോൾ ജില്ലയെക്കുറിച്ച് ഒരു അധ്യാപകൻ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പാണ് മനുഷ്യസ്നേഹികളുടെ ഹൃദയത്തെ തൊട്ടുകൊണ്ടിരിക്കുന്നത്. മലപ്പുറം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് അസോസിയേറ്റ് പ്രൊഫസറായ രജീഷ് കുമാറാണ് മലപ്പുറത്തിന്‍റെ സ്നേഹത്തെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷമായി തിരൂരിൽ അധ്യാപകനായി ജോലി ചെയ്യുന്ന രജീഷ് നോമ്പുകാലത്തുൾപ്പെടെ മലപ്പുറത്തുകാര്‍ എങ്ങനെയാണ് തന്നെ സ്നേഹം കൊണ്ട് പൊതിയുന്നതെന്ന് വിവരിക്കുകയാണ്.

Advertising
Advertising

രജീഷ് കുമാറിന്‍റെ കുറിപ്പ്

#മലപ്പുറംകാർ ഈ ഹിന്ദു അധ്യാപകനോട് ചെയ്തത് എന്തെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും 

ഞാൻ ഈഴവനല്ല.. അതോണ്ട് ങ്ങള് ചിലപ്പം അത്ര ഞെട്ടില്ല..! 2007 ലാണ് ഞാൻ തിരൂർ കോളേജിലേക്ക് ട്രാൻസ്ഫർ ആയി വന്നതും, കോളേജ് നിൽക്കുന്ന തീരദേശത്ത് വാടക വീട്ടിൽ താമസം തുടങ്ങിയതും. അന്ന് മുതൽ തുടങ്ങിയ പീഡനമാണ് മക്കളേ ഞാൻ പറയാൻ പോകുന്നത്......!

റംസാൻ മാസം പിറന്നാൽ പിന്നെ എൻ്റെ വയറിന് ഒരു വിശ്രമവും തരില്ല ഇവർ....! സ്നേഹത്തോടെ വിളിച്ച് കൊണ്ടുപോയി തീറ്റിക്കും... ഒരുവിധം വയറ് ഫുള്ളായി നമ്മൾ നിർത്താൻ നോക്കുമ്പോഴാണ് ഇവരുടെ ശരിയായ ക്രൂരത പുറത്ത് വരിക ...

"മാഷ് ഒന്നും കഴിച്ചില്ലല്ലോ....?" എന്നും പറഞ്ഞ് ചിക്കനും ബീഫും ഒക്കെ എൻ്റെ പ്ലേറ്റിൽ തട്ടും..! നമ്മുടെ സമ്മതം ചോദിക്കുകയേയില്ല..! എന്നിട്ട് പിന്നേം പിന്നേം കഴിപ്പിക്കും... നമ്മുടെ വയറ് പൊട്ടാറാവും.. ഇത്രയ്ക്ക് ക്രൂരത നമ്മുടെ വയറിനോട് ചെയ്യുന്നവരാണിവർ..

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുത് എന്ന് ഞാൻ പ്രാർത്ഥിക്കും. ആദ്യം താമസിച്ച സ്ഥലത്തിനടുത്തെ വല്ല്യുമ്മയാണേൽ റംസാൻ മാസത്തിലെന്നും വൈന്നേരം ചൂടുള്ളതും മധുരമേറിയതും സ്നേഹം നിറഞ്ഞതുമായ തരിക്കഞ്ഞി തന്ന് ഞങ്ങളുടെ അത്താഴം മുടക്കും..! അത്താഴം മുടക്കൽ എത്ര വലിയ പാപമാണെന്നൊന്നും ഇവർക്കാർക്കുമറിയില്ല.

പിന്നെ ഇവർക്കൊരു പരിപാടിയുണ്ട്. നമ്മളെ കല്യാണത്തിന് വിളിക്കും.. അതിന് ഇന്ന മതമെന്നൊന്നുമില്ല. സ്നേഹത്തോടെ വീട്ടിലേക്ക് വിളിക്കും. ഇത് നമ്മളെ അവരെ വീട്ടിലേക്ക് കിട്ടാനുള്ള അടവാണ്. തിരിച്ചറിവില്ലാത്ത ഞാൻ കേറിച്ചെല്ലും....! അവിടെയാണ് ഇവരുടെ വിജയം. എന്നെ ഭക്ഷണം കഴിപ്പിക്കാനായി ഒരാളെ ഏർപ്പാടാക്കും... അയാളുടെ ഡ്യൂട്ടി ഞാൻ കൃത്യമായി കഴിക്കുന്നുണ്ടോന്ന് നോക്കുകയാണ്. ആടും പോത്തും കോഴിയും തുടങ്ങി എല്ലാം വിഭവങ്ങളും നമ്മുടെ പ്ലേറ്റിൽ തട്ടും.. കഴിക്കാതിരിക്കാനുള്ള യാതൊരു സ്വാതന്ത്ര്യവും അവർ നമുക്ക് തരുകയേയില്ല. നമ്മൾ ശരിക്കും ബുദ്ധിമുട്ടിപ്പോവും. എണീക്കാൻ പറ്റാതെ അവിടെത്തന്നെ ഇരുന്നുപോകുന്ന എന്നെ രണ്ടാൾ ചേർന്ന് പൊക്കിയാണ് കൈ കഴുകിക്കുന്നത്.  പാവം ഞാൻ.. എത്ര ക്രൂരതകളാണ് സഹിക്കുന്നത്.

റംസാൻ മാസം വീട്ടിൽ രാത്രി ഭക്ഷണം ഉണ്ടാക്കാൻ ഇവർ സമ്മതിക്കില്ലാന്നേ..... അത് മറ്റൊരു ക്രൂരത.. 6 മണി കഴിയുമ്പളത്തേക്കും ഓരോ വീട്ടിൽ നിന്നായ് പലഹാരങ്ങൾ വരും. വീട്ടിലെ വെച്ചുവിളമ്പാധികാരത്തിലേക്കുള്ള കടന്ന് കയറ്റമാണത്. ഇതൊക്കെ ആരോട് പറയാൻ......? അത് പോട്ടെ.. ഒരീസം ഭക്ഷണം കഴിക്കാൻ കുറച്ചപ്പുറത്തുള്ള ഒരു ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുമ്പം കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ വഴിയിൽ.. കുശലം പറഞ്ഞപ്പം ഞാൻ എവിടെ പോയതാണെന്ന് കക്ഷി.. ഫുഡ് കഴിക്കാൻ ഹോട്ടലിൽ വന്നതാന്ന് പറഞ്ഞപ്പം പറയാ...

" ൻ്റെ വീട്ടിലേക്ക് വന്നാൽ പോരായിരുന്നോ..?" കണ്ടോ.....? നമ്മുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം കണ്ടോ ?ഇതാണിവർ.....!ഈ മുഖംമൂടി ഇവിടെ പൊളിയണം.. ഒരീസം പ്രിൻസിപ്പാളും മറ്റും രാത്രി വൈകി കോളേജിൽ നിന്ന് ഇറങ്ങി അടുത്ത് കണ്ട തട്ടുകടയിൽ കയറി. ചായയും കടിയും കഴിച്ച് ഇറങ്ങാൻ നേരം എത്രയായി എന്ന് ചോദിച്ചപ്പം കക്ഷി പറയാ.. "ങ്ങള് ഇത്രയും നേരമീ കോളേജിന് വേണ്ടി ഇരുന്നിട്ട് വൈകിയതല്ലേ ? ചായ എൻ്റെ വക ഫ്രീ....." പറഞ്ഞാൽ വിശ്വസിക്കുമോ ? പണം വിനിമയം ചെയ്യാൻ പോലും ഇവർ നമ്മളെ അനുവദിക്കില്ല. ന്താല്ലേ ? ഒരു സ്വാതന്ത്ര്യവും ഇല്ല. വല്യപെരുന്നാളിന് ഒരു ബക്കറ്റ് നിറയെ നെയ്ച്ചോറും ഒരു ഫുൾ ചിക്കനും തന്ന് ഞങ്ങളെ ഭക്ഷണസ്വാതന്ത്ര്യം കളയും. ചെറിയ പെരുന്നാൾ തലേന്ന് രാത്രി 12 മണി വരെ വാതിൽ അടയ്ക്കാൻ സമ്മതിക്കില്ലാ...... പലവിധ പലഹാരങ്ങളുടെ വരവാണ്.

സമയത്തിന് ഉറങ്ങാനുള്ള അവകാശത്തിലേക്കുള്ള കടന്നു കയറ്റം നിങ്ങളവിടെ കാണുന്നില്ലേ ? ഇനിയാണ് ഇവരെ പറ്റിയുള്ള ഒരു വലിയ രഹസ്യം പറയാനുള്ളത്. ഇവർക്ക് ലോകത്തെ ഏറ്റവും മാരകമായ ലഹരികളുടെ ഇടപാടുകൾ ഉണ്ട്... ഒരിക്കൽ അനുഭവിച്ചാൽ നമ്മൾ അടിമപ്പെട്ടുപോകുന്ന ഒരു ലഹരിക്കച്ചവടം. അത് സ്നേഹത്താൽ നമ്മെ പൊതിയലാണ്. അതിൻ്റെ മൊത്ത കച്ചവടക്കാരാണ് ഇവർ.. ഒരിക്കൽ പെട്ടാൽ പിന്നെ പെട്ട്..

18 വർഷമായി ഞാനാ ലഹരിക്ക് അടിമയായിട്ട്...! എൻ്റെ സർവീസ് കാലത്തിൻ്റെ ഭൂരിഭാഗവും ഞാൻ ഇവിടെ തന്നെ തീർത്ത്...!ഈ ലഹരിയിൽ നിന്ന് ഈയുള്ളവന് ഇനിയൊരു മോചനമുണ്ടോ എന്തോ.....?

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News