മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞത് ജനാധിപത്യത്തിന് അപമാനകരം:രമേശ് ചെന്നിത്തല

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയിൽ മാധ്യമങ്ങൾക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല

Update: 2022-01-31 13:14 GMT
Editor : Dibin Gopan | By : Web Desk
Advertising

മലയാളത്തിലെ പ്രമുഖ വാർത്താചാനലിലൊന്നായ മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യം രാജ്യത്ത് ഇല്ലാതാവുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ്. അടുത്ത കാലത്തൊന്നും ഇന്ത്യയിൽ മാധ്യമങ്ങൾക്ക് നേരെ ഇത്തരം നടപടിയുണ്ടായിട്ടില്ല.

ഇത് ജനാധിപത്യത്തിന് അപമാനകരവും മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്ന് കയറ്റവുമാണ്. ഇത് ഒരു ടെസ്റ്റ് ഡോസാണോ എന്ന് പോലും സംശയമുണ്ട് രണ്ടാം തവണയാണു മീഡിയ വണ്ണിനെതിരെ നടപടി എടുക്കുന്നത് .ആർ എസ് എസിന്റെയും ബിജെപിയുടെയും ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടന്ന് ഈ നിയന്ത്രണം പിൻവലിക്കണമെന്നും സ്വതന്ത്രമായി വാർത്തകൾ സംപ്രേഷണം ചെയ്യാനുളള അവകാശം പുനസ്ഥാപിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, മീഡിയവണ്ണിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. രണ്ടു ദിവസത്തേക്കാണ് നടപടി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടൻ പുനരാരംഭിക്കും. ഹരജിയിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഹരജി വീണ്ടും പരിഗണിക്കാൻ ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ ഉന്നയിച്ചാണ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞത്. നടപടിയുടെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News