വഖഫ് ഭേദഗതി നിയമത്തിനെതിരെ എയർപോർട്ട് ഉപരോധം: പിണറായി സർക്കാർ യുപി മോഡൽ ഭീകരത നടപ്പാക്കുന്നു - റസാഖ് പാലേരി

വഖഫ് നിയമ ഭേദ​ഗതിക്കെതിരെ എസ്ഐഒയും സോളിഡാരിറ്റിയും പ്രഖ്യാപിച്ച എയർപോർട്ട് മാർച്ചിനെതിരെ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റസാഖ് പാലേരി ആരോപിച്ചു.

Update: 2025-04-09 10:03 GMT

തിരുവനന്തപുരം: വംശീയ ഉന്മൂല പദ്ധതിയുടെ ഭാഗമായി സംഘപരിവാർ സർക്കാർ നിർമിച്ചെടുത്ത വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് നേരെ പിണറായി സർക്കാർ യുപി മോഡൽ ഭീകരത നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

വഖഫ് ഭേദഗതി നിയമത്തിനെതിരെ എസ്‌ഐഒയും സോളിഡാരിറ്റിയും നടത്തുന്ന കോഴിക്കോട് എയർപോർട്ട് ഉപരോധസമരം പൊളിക്കാൻ കേരള പൊലീസ് ഏകപക്ഷീയമായി നോട്ടീസ് നൽകിയിരിക്കുകയാണ്. അതോടൊപ്പം സമരക്കാർ വരുന്ന വണ്ടികൾ പിടിച്ചെടുക്കുമെന്ന ഭീഷണിയും മുഴക്കിയിരിക്കുന്നു. ഇത് കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. വഖഫ് ബില്ലിനെതിരെ നടക്കുന്ന ജനാധിപത്യ സമരങ്ങളെയും പ്രക്ഷോഭങ്ങളെയും തകർക്കാൻ ഇത്ര വാശിയോടെ കേരള പോലീസ് ശ്രമിക്കുന്നത് എന്തിനാണ്. ബിജെപി നടപ്പാക്കുന്ന വംശീയ അജണ്ടകൾ നേരിടുമെന്ന പ്രമേയം പാർട്ടി കോൺഗ്രസ് പാസാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പൊലീസ് നടപടി ഉറപ്പിക്കുന്നു. സംഘപരിവാർ ഭരണകൂടത്തിന് അനുകൂലമായി പ്രവർത്തിക്കാൻ പോലീസിന് പിണറായി നിർദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Advertising
Advertising

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സമാനമായ രീതിയിൽ നാടും നഗരവും സമര മുഖരിതമാവുകയാണ്. സിഎഎക്ക് ശേഷം സംഘപരിവാർ നടപ്പിലാക്കുന്ന ഏറ്റവും വംശീയ സ്വഭാവമുള്ള നിയമ ഭേദഗതിയാണിത്. അൽപമെങ്കിലും നീതിബോധമുള്ള ജനങ്ങൾ തെരുവിൽ നിലയുറപ്പിക്കേണ്ട സമയമാണിത്. പാർലമെന്റിൽ വഖഫ് നിയമഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് യുപി പോലിസിന്റെ രീതിയിൽ പൊലീസ് പ്രവർത്തിക്കുന്നത്. ഇത് ഏത് ഇടതുപക്ഷ നയമാണെന്ന് സിപിഎം കേരളത്തോട് വിശദീകരിക്കണം. ജനാധിപത്യ മര്യാദകൾ ലംഘിക്കുന്ന പൊലീസ്‌രാജിന് നാടിനെ വിട്ടുകൊടുക്കാനാവില്ല. ഈ നടപടികളിൽ നിന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പിൻമാറണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News