പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിക്കാതെ സർക്കാർ ഉരുണ്ടുകളിക്കുന്നു: റസാഖ് പാലേരി

‘എല്ലാ വർഷവും മലബാറിലെ വിദ്യാർഥികളെ സമരത്തിലേക്ക് തള്ളിയിടുന്നത് സർക്കാർ തന്നെയാണ്’

Update: 2024-06-24 14:34 GMT

കോഴിക്കോട്: മലബാറിൽ പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ വേണ്ട പുതിയ ബാച്ചുകൾ അനുവദിക്കാതെ താത്കാലികവും അശാസ്ത്രീയവുമായ ചെപ്പടിവിദ്യകളും കണക്കിലെ കളികളും കൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ സമീപനം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈ ഉരുണ്ടുകളി കൊണ്ട് വിദ്യാർഥികൾക്ക് പഠനാവസ്തരം ഉണ്ടാവുകയില്ല.

സ്ഥിരസ്വഭാവത്തിൽ അധിക ബാച്ചുകൾ അനുവദിച്ചും ഹൈസ്‌കൂളുകൾ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്തും പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എല്ലാവർഷവും മലബാറിലെ വിദ്യാർഥികളെ സമരത്തിലേക്ക് തള്ളിയിടുന്നത് സർക്കാർ തന്നെയാണ്.

Advertising
Advertising

പ്ലസ് വൺ ക്ലാസുകളിൽ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കുട്ടികളെ കുത്തിനിറച്ച് നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്. മലബാറിലെ വിദ്യാർഥികൾ ശരിയായ രീതിയിൽ പഠിക്കേണ്ടതില്ല എന്ന ജനവിരുദ്ധ നിലപാട് തുടരുകയാണ് സർക്കാർ ചെയ്യുന്നത്.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങൾക്ക് മുമ്പാകെ ഉരുണ്ടുകളിക്കുന്നത് കാണുമ്പോൾ അദ്ദേഹത്തോട് പ്രതിഷേധത്തോടൊപ്പം സഹതാപവും തോന്നുന്നുണ്ട്. സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ ഉത്തരവാദപ്പെട്ട ഒരു നേതാവും വിഷയത്തെ സത്യസന്ധമായി അഭിമുഖീകരിക്കാൻ തയാറാകുന്നില്ല.

ആറ് ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖലയിലെ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന വിവേചനത്തിന്റെ ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. ഈ പെരുമഴക്കാലത്തും മലബാർ വിദ്യാഭ്യാസ വിവേചന പ്രശ്നം കേരളത്തിന്റെ തെരുവിൽ ആളിക്കത്തി നിൽക്കുമ്പോൾ സൗകര്യപൂർവം ഉള്ളിലേക്ക് വലിയുന്ന ഏർപ്പാട് പിണറായി വിജയൻ അവസാനിപ്പിക്കണം.

വിഷയത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന നേതാക്കൾ അടക്കമുള്ള നിരവധി പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയം പരിഹരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെങ്കിൽ വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും നേതൃത്വത്തിൽ വൻ ബഹുജനപ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News