കേരള സർവകലാശാലയിലെ സസ്പെൻഷൻ: ഗവർണർ അമിതാധികാര പ്രയോഗം നടത്തുന്നുവെന്ന് റസാഖ് പാലേരി

''ഫെഡറൽ അധികാരങ്ങളെ അട്ടിമറിക്കുന്നതിൽ ആരിഫ് മുഹമ്മദ്‌ ഖാനെ വെല്ലുന്ന മികച്ച പിൻഗാമിയാണ് താനെന്ന് ആർ എസ് എസ്സിന് മുന്നിൽ തെളിയിക്കാനുള്ള തത്രപ്പാടിലാണ് ആർലേക്കർ''

Update: 2025-07-08 10:00 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: കേരള സർവകലാശാലയിലെ രജിസ്ട്രാറെയും ജോയിന്റ് രജിസ്ട്രാറെയും സസ്പെൻഡ് ചെയ്യാനുള്ള കേരള ഗവർണറുടെ നീക്കം അമിതാധികാര പ്രയോഗവും ഗവർണർ പദവിയുടെ ദുരുപയോഗവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി.

''ഫെഡറൽ അധികാരങ്ങളെ അട്ടിമറിക്കുന്നതിൽ ആരിഫ് മുഹമ്മദ്‌ ഖാനെ വെല്ലുന്ന മികച്ച പിൻഗാമിയാണ് താനെന്ന് ആർഎസ്എസിന് മുന്നിൽ തെളിയിക്കാനുള്ള തത്രപ്പാടിലാണ് ആർലേക്കർ. ഗവർണർ പദവിയുമായി ബന്ധപ്പെട്ടും ഫെഡറലിസവുമായി ബന്ധപ്പെട്ടും ഭരണഘടന മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടുകളെ അട്ടിമറിക്കുകയാണ് മുമ്പ് ആരിഫ് മുഹമ്മദ്‌ ഖാനും ഇപ്പോൾ ആർലേക്കറും ചെയ്യുന്നത്. ആദ്യപടിയായി ഉന്നത വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായ കൈകടത്തലുകലാണ് നടത്തിയതെങ്കിൽ ഇപ്പോഴത് മറയില്ലാത്ത കാവിവത്കരണമായി മാറിയിരിക്കുന്നു.

Advertising
Advertising

രാജ്യവുമായോ രാജ്യത്തെ ജനസമൂഹവുമായോ രാജ്യത്തിന്റെ ചരിത്രവുമായോ ഭരണഘടനയുമായോ ഒരു ബന്ധവുമില്ലാത്ത 'ഭാരതാംബ' എന്ന ഫാഷിസ്റ്റ് ചിഹ്നത്തെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും രാജ്ഭവനിലും അടിച്ചേൽപ്പിക്കുവാനാണ് ഇപ്പോൾ ആർലേക്കർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ എതിർത്തതിനാണ് കേരള സർവകലാശാല അധികൃതർക്കെതിരിൽ ഇപ്പോൾ അച്ചടക്കത്തിന്റെ കുറുവടിയുമായി ഗവർണർ ഇറങ്ങിയിരിക്കുന്നത്.

ബിജെപിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളുടെ അധികാരത്തിൽ ക്രമരഹിതമായും നിയമവിരുദ്ധമായും ഇടപെടാനും സംസ്ഥാന സർക്കാറുകളുടെ ഭരണനയങ്ങളെ അട്ടിമറിക്കാനുമുള്ള കുറുക്ക് വഴിയായി ഗവർണർ പദവിയെ ആർഎസ്എസ് ദുരുപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. നാമമാത്ര അധികാരം മാത്രം അനുവദിക്കപ്പെട്ട മേഖലകളിൽ അതിരുകൾ കടന്നിടപെട്ടും സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഒപ്പ് വെക്കുന്നത് നിരസിച്ചും ജനാധിപത്യത്തെ അട്ടിമറിക്കാനും ഫെഡറലിസത്തെ തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതി ഗവർണറുടെ അധികാര ദുരുപയോഗത്തിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും ഗവർണർ രാജിനെ ദീർഘകാല രാഷ്ട്രീയ ഓപ്പറേഷനായി മുന്നോട്ട് കൊണ്ട് പോകാനാണ് ആർ എസ് എസ് തീരുമാനിച്ചിട്ടുള്ളത്. കേവല കക്ഷി രാഷ്ട്രീയ തർക്കത്തിനപ്പുറം ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും സംരക്ഷണവുമായി ബന്ധപ്പെട്ട ഗൗരവസ്വഭാവത്തിലുള്ള വിഷയമായി ഇതിനെ കാണണം.

കേരളത്തിലെ ഗവർണർ ആർ എസ് എസ്സിന് വേണ്ടി ബിഗ് ബോസ് ചമയുകയാണ്. കേരളം ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുത്തു തോല്പ്പിക്കണം. ഭരണപക്ഷവും പ്രതിപക്ഷവും ഇതര രാഷ്ട്രീയ സംഘടനകളും കേരളീയ പൊതുസമൂഹവും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കണം. ആർ എസ് എസ്സിന് ഓട് പൊളിച്ചു വന്ന് നിരങ്ങാനുള്ളതല്ല രാജ്ഭവൻ എന്ന് കേരളം ഒരേ സ്വരത്തിൽ വിളിച്ചു പറയണം. ഗവർണറുടെ അമിതാധികാര പ്രയോഗത്തിനെതിരിൽ ശക്തമായ ജനകീയ മുന്നേറ്റം കേരളത്തിൽ അനിവാര്യമായി വന്നിരിക്കുകയാണെന്ന്''- റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News