പി.എസ്.സി വഴി സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ നിയമനം: ജൂനിയർ ഇംഗ്ലീഷ് അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിൽ

പുനർനിയമനം സംബന്ധിച്ച് ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നാണ് അധ്യാപകരുടെ പരാതി

Update: 2023-03-12 03:09 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പി.എസ്.സി വഴി സർക്കാർ ഹയർ സെക്കന്ററി സ്‌കൂളിൽ നിയമനം നേടിയ ജൂനിയർ ഇംഗ്ലീഷ് അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിൽ. തസ്തികനിർണയം പൂർത്തിയാക്കിയപ്പോൾ 110 അധ്യാപകർ അധികമാണെന്ന വിലയിരുത്തലിനെ തുടർന്ന് തസ്തികകൾ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. എന്നാൽ പുനർനിയമനം സംബന്ധിച്ച് ഉത്തരവിൽ അവ്യക്തതകൾ ഉണ്ടെന്നാണ് അധ്യാപകരുടെ പരാതി.

ജൂനിയർ ഹയർ സെക്കൻഡറി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതതിന് ആഴ്ചയിൽ മൂന്ന് മുതൽ 14 വരെ പീരിയഡുകൾ വേണമെന്നതായിരുന്നു ഇത് വരെയുള്ള മാനദണ്ഡം. എന്നാൽ ഇത് ഏഴ് മുതൽ 14 വരെ ആക്കി പുനർ നിശ്ചയിച്ചതോടെയാണ് 110 അധ്യാപകർ പ്രതിസന്ധിയിലായത്. ഏഴ് പീരിയഡിൽ താഴെയുള്ളിടത്ത് ഇവർക്ക് പകരം ഗസ്റ്റ് അധ്യാപകരെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. നിലവിൽ ഈ തസ്തികയിലുള്ള 146 അധ്യാപകരിൽ 59 പേർ അധികമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. ഇതോടൊപ്പം സുപ്രീംകോടതി വിധിയിലൂടെ നിയമനം ലഭിച്ച 47 പേരും ശിപാർശ ലഭിക്കാനുണ്ടായിരുന്ന രണ്ട്‌പേരും ഉൾപ്പടെ കണക്ക് 110ൽ എത്തി.

പി.എസ്.സി. വഴി സ്ഥിരനിയമനം ലഭിച്ച അധ്യാപകരുടെ ജോലി സ്ഥിരത അവതാളത്തിലാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കണം എന്ന് കാട്ടി എ.കെ.എസ്.ടി.യു വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി.

തസ്തികകൾ വരുന്ന മുറയ്ക്ക് പുനർനിയമനം നൽകാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ മറുപടി. പക്ഷേ മാർച്ച് മുതൽ മേയ് വരെ വിരമിക്കുന്നത് 30 അധ്യാപകർ ആണ്. 110ൽ 30 പേർക്ക് ഈ തസ്തികകൾ നൽകി പരിഹരിക്കാം. അപ്പോഴും ബാക്കിയുള്ളവരുടെ നിയമനം എങ്ങനെ സാധ്യമാക്കും എന്ന കാര്യത്തിൽ ഇപ്പോഴും ഒരു വ്യക്തതയില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News