`ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കിലോ സ്വർണം കവർന്നു; സംസ്ഥാനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണം'- റിമാൻഡ് റിപ്പോർട്ട്
'വിശ്വാസം വൃണപ്പെടുത്തി; തട്ടിപ്പിൽ സ്മാർട്ട് ക്രിയേഷൻസിനും പങ്ക്'
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കിലോ സ്വർണം കവർന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. അനേകലക്ഷം വിശ്വാസികളുടെ വിശ്വാസം വൃണപ്പെടുത്തി. സ്മാർട്ട് ക്രിയേഷൻസിനും തട്ടിപ്പിൽ പങ്കുണ്ട്. പോറ്റിയെ സംസ്ഥാനത്തിന് പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. റാന്നി കോടതിയിലാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. കസ്റ്റഡിയിൽ വിട്ട പോറ്റിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരെ ബിജെപി പ്രവർത്തകർ ചെരുപ്പെറിഞ്ഞു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്. റാന്നി കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടി ക്രമങ്ങൾ. ഉണ്ണകൃഷ്ണൻ പോറ്റിയുടെ ആവശ്യം പരിഗണിച്ച് വക്കീലുമായി സംസാരിക്കാൻ 20 മിനുട്ട് കോടതി അനുവദിച്ചു.