ജോൺ ബ്രിട്ടാസിനെതിരായ കേന്ദ്രനീക്കം: രാജ്യം എത്തിപ്പെട്ട അപകടാവസ്ഥയുടെ ഉദാഹരണം-സി.പി.എം

'അമിത് ഷാ മാത്രമല്ല, സംഘ്പരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസനസൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.'

Update: 2023-04-30 11:55 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: അമിത് ഷാ കേരളത്തിനെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ചതിന് ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ നടക്കുന്ന കേന്ദ്രനീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഫെബ്രുവരി 20ന് 'ഇന്ത്യൻ എക്‌സ്പ്രസ്' ദിനപത്രത്തിൽ എഴുതിയ ലേഖനത്തിന് ബ്രിട്ടാസിന് രാജ്യസഭാ ചെയർമാൻ നോട്ടിസ് നൽകിയിരുന്നു. ഇതിലാണ് സി.പി.എം സെക്രട്ടറിയേറ്റിന്റെ പ്രതികരണം.

അമിത് ഷാ കർണാടകയിൽ നടത്തിയ കേരളത്തിനെതിരായ പരാമർശം ലേഖനത്തിൽ ഉദ്ധരിച്ചു എന്നതിന്‌റെ പേരിലാണ് രാജ്യസഭാ അധ്യക്ഷൻ വിളിച്ചുവരുത്തി വിശദീകരണം തേടിയിരിക്കുന്നത്. കേരളം നിങ്ങളുടെ അടുത്തുണ്ട്, താൻ കൂടുതൽ പറുന്നില്ല തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. ഈ കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞതിന്റെ പേരിലാണ് വിശദീകരണം തേടിയിരിക്കുന്നത്-സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'അമിത് ഷാ മാത്രമല്ല, സംഘ്പരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മാനവിക വികസനസൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയയോട് ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കു ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന് ആകമാനം മാതൃകയാകുന്ന നിലപാടാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൊടിയ പകയ്ക്ക് ഇടയാക്കുന്നതും ഇതാണ്.'

സംഘ്പരിവാറിന്റെ ഇടപെടലിലൂടെ കേരളവിരുദ്ധ സിനിമകൾ പോലും പടച്ചുവിടുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരമൊരു നീക്കം നടന്നുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ സൂചിപ്പിച്ചു. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വർഗീയ അജണ്ടയ്ക്കും കേരളത്തിനോടുള്ള അവഗണനയ്ക്കും എതിരായി ശക്തമായി പോരാടുന്ന എം.പിയാണ് ജോൺ ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 അഭിപ്രായപ്രകടന സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്നുണ്ട്.

ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നുമാണിത്. ഇതുപോലും വിസ്മരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സംഘ്പരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടതുണ്ട്. അതിനായി എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Summary: The CPM state secretariat said that the Modi government's move against John Brittas MP for criticizing Amit Shah's remarks against Kerala is an example of the dangerous situation the country has reached now

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News