ബില്ല് 10,000 മുതൽ 85,000 രൂപവരെ;വെള്ളക്കരം കണ്ട് 'കണ്ണുനിറഞ്ഞ്' പാലക്കാട് മാന്നനൂർ നിവാസികൾ
ജൽജീവൻ മിഷൻ കണക്ഷനെടുത്തവര്‍ക്കാണ് ഭീമമായ ബില്ല് വന്നത്
Update: 2025-05-21 07:00 GMT
പാലക്കാട്: വാട്ടര്‍ ബില്ല് കണ്ടു ഞെട്ടി പാലക്കാട് ഒറ്റപ്പാലം മാന്നനൂർ നിവാസികൾ.10,000 മുതൽ 85,000 രൂപ വരെ ഭീമമായ തുകയാണ് നാട്ടുകാർക്ക് ബില്ലായി ലഭിച്ചത്. ജനുവരിയിൽ ജൽജീവൻ മിഷൻ്റെ കണക്ഷൻ എടുത്തവർക്കാണ് ഭീമമായ തുക അടയ്ക്കാൻ ആവശ്യപ്പെട്ട് ബില്ല് ലഭിച്ചത്.
വല്ലപ്പോഴും മാത്രമാണ് ജൽജീവൻ മിഷൻ്റെ കണക്ഷനിലെ വെള്ളം എടുക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനുവരിയില്‍ കണക്ഷന്‍ എടുത്തവര്‍ക്കാണ് ഭീമമായ ബില്ല് വന്നിരിക്കുന്നത്. ആദ്യത്തെ മാസം 80രൂപവരെയാണ് ബില്ല് വന്നത്.എന്നാല്‍ പിന്നീട് വന്ന രണ്ടുമാസത്തെ ബില്ലാണ് 85,000 രൂപ വന്നത്.
നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. പരിശോധിച്ച ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി.