രശ്മിതയും എം.സി ആഷിയും ഗവ. പ്ലീഡര്‍മാര്‍: സൂര്യ ബിനോയും തുഷാര ജെയിംസും സീനിയര്‍ ഗവ. പ്ലീഡര്‍മാര്‍

ചരിത്രത്തിലാദ്യമായി ഒരു ലക്ഷദ്വീപ് പ്രതിനിധിയെയും ഗവണ്‍മെന്‍റ് പ്ലീഡറായി കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്

Update: 2021-07-30 05:37 GMT
Editor : ijas
Advertising

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് പുറത്തിറങ്ങി. 20 സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്‍റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടുണ്ട്. ഇരുപത് ഗവണ്‍മെന്‍റ് പ്ലീഡര്‍മാരില് അഞ്ച് പേര്‍ വനിതകളാണ്. മൂന്ന് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. 

സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്‍, വി.എസ്. അച്യുതാനന്ദൻ, എസ് ശര്‍മ്മ എന്നിവരുടെ പേഴ്സണല്‍, ഓഫീസ് സ്റ്റാഫായിരുന്ന എം.സി ആഷി എന്നിവരുള്‍പ്പെടെ 52 പേരെയാണ് ഗവണ്‍ന്മെന്‍റ് പ്ലീഡര്‍മാരായി നിയമിച്ചത്. സുപ്രീം കോടതിയില്‍ സി.പി.ഐ.എം. അഭിഭാഷക സംഘടനയ്ക്ക് വേണ്ടി ലോയ കേസ്, രാജ്യദ്രോഹക്കേസ്, ട്രിബ്യുണലുകളെ സംബന്ധിച്ച കേസ്, ഡി.വൈ.എഫ്.ഐക്ക് വേണ്ടി റോഹിങ്ക്യ കേസ്, സി.ഐ.ടി.യുവിന് വേണ്ടി ദല്‍ഹി മിനിമം വേജസ് കേസ്, കിസാന്‍ സഭയ്ക്ക് വേണ്ടി ആധാര്‍ കേസ്, മുഹമ്മദ് യുസഫ് തരിഗാമിക്ക് വേണ്ടി കശ്മീര്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് കേസ് എന്നിവ നടത്തിയത് രശ്മിത രാമചന്ദ്രന്‍ ആയിരുന്നു. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്‌സിനേഷന്‍ കേസിലും, പെഗാസസ് കേസിലും, ലോക്‌സഭാ എം പി ആരിഫിന് വേണ്ടി എം.പി ഫണ്ട് കേസ് ഫയല്‍ ചെയ്തതും രശ്മിത ആണ്.

ചരിത്രത്തിലാദ്യമായി ഒരു ലക്ഷദ്വീപ് പ്രതിനിധിയെയും ഗവണ്‍മെന്‍റ് പ്ലീഡറായി കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. അഡ്വ. സെയ്ത് എം തങ്ങളെയാണ് സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത്. പത്ത് വര്‍ഷമായി ഹൈക്കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന അഭിഭാഷകനാണ് സെയ്ത് തങ്ങള്‍. 

എം. ആര്‍. ശ്രീലത (ധനകാര്യം), ലത ടി തങ്കപ്പന്‍ (എസ് സി / എസ് ടി), കെ ആര്‍ ദീപ (തദ്ദേശ ഭരണം), അംബിക ദേവി (സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അതിക്രമം തടയല്‍), എന്‍ സുധ ദേവി ( ഭൂമി ഏറ്റെടുക്കല്‍) എന്നിവരാണ് സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ വനിതകള്‍.

പി. സന്തോഷ് കുമാര്‍ (വ്യവസായം), രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ് (എസ് സി / എസ് ടി), എസ് യു നാസര്‍ (ക്രിമിനല്‍), കെ ബി രാമാനന്ദ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി പി (സഹകരണം), എം എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), എം എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി പി സാജന്‍ (ഫോറസ്റ്റ്), സിറിയക് കുര്യന്‍ (ജലസേചനം) എന്നിവരാണ് മറ്റ് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍.

രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്‍റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്‍റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പെടെ 53 പേരാണ് സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി നിയമിതരായത്.

നികുതി വകുപ്പിന് ഉണ്ടായിരുന്ന രണ്ട് സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ പദവികള്‍ ഒന്നായി വെട്ടി ചുരുക്കി. പകരം ജലസേചന വകുപ്പിന് ഒരു സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനം നല്‍കി. ഇതിലേക്കാണ് മാണി ഗ്രൂപ്പ് നോമിനിയായി കൊച്ചിയിലെ എ&സി ലോ ചേംബറിലെ സിറിയക് കുര്യനെ നിയമിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News