'തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരം': നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി; പൂർണരൂപം

'മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർപ്പട്ടിക പുതുക്കൽ നടത്തണം'

Update: 2025-09-29 07:57 GMT

Photo| Special Arrangement

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐആർ എൻആർസിയുടെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് പ്രമേയത്തിൽ പറയുന്നു. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും പ്രമേയത്തിൽ പറയുന്നു. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർപ്പട്ടിക പുതുക്കൽ നടത്തണം എന്നും പ്രമേയം ആവശ്യപ്പെടുന്നു.

Advertising
Advertising

പ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതികള്‍ നിര്‍ദേശിച്ചു. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ പ്രമേയത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നതിനു മുമ്പ് കേന്ദ്രം എന്ന് ചേർക്കുമെന്നുംന്യൂനപക്ഷങ്ങൾക്കൊപ്പം പട്ടികജാതി പട്ടികവർഗ്ഗം എന്നതുകൂടി ചേർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം ഒറ്റക്കെട്ടായി നിയമസഭയില്‍ പാസാക്കി.

പ്രമേയത്തിന്റെ പൂർണരൂപം

'വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. ബീഹാറിൽ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവയ്ക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ കാണുന്നത്. വോട്ടർ പട്ടികയിൽ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറിൽ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തിൽ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.

ബീഹാർ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രിംകോടതിയുടെ പരിഗണനയിൽ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തിൽ തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കുകയാണ്. അത് കഴിഞ്ഞാലുടൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിനുമുമ്പ് 2002ലാണ് കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോൾ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്.

1987നുശേഷം ജനിച്ചവർ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖ കൂടി നൽകിയാലേ വോട്ടറാകൂ എന്ന എസ്ഐആറിലെ നിബന്ധന നമ്മുടെ പ്രായപൂർത്തി വോട്ടവകാശത്തെ ഹനിക്കുന്ന തീരുമാനമാണ്. 2003നു ശേഷം ജനിച്ചവർ പിതാവിന്റെയും മാതാവിന്റെയും പൗരത്വരേഖകൾ സമർപ്പിച്ചാൽ മാത്രമേ വോട്ടറാവൂ എന്നും നിഷ്കർഷയുണ്ട്. രേഖകളില്ലാത്തതിന്റെ പേരിൽ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ പൂർണമായ ലംഘനമാണ്.

സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങളിൽ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകൾ മൂലം വോട്ടവകാശത്തിൽ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങൾ കാണിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങൾ, സ്ത്രീകൾ, ദരിദ്രകുടുംബങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ബഹുഭൂരിപക്ഷവും ഉൾപ്പെടുക. വോട്ടർ പട്ടികയിലുള്ള പ്രവാസി വോട്ടർമാരുടെ വോട്ടവകാശം തുടർന്നും നിലനിർത്തേണ്ടതുണ്ട്.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവർ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളിൽ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യമായി വോട്ടർപ്പട്ടിക പുതുക്കൽ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നു'.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News