മുട്ടിൽ മരംമുറി കേസ്: കർഷകർക്കെതിരെ റവന്യൂവകുപ്പ്; 29 കർഷകരുടെ അപ്പീൽ അപാകത ആരോപിച്ചു തള്ളി
രേഖകൾ സഹിതം 15 ദിവസനത്തിനകം അപ്പീൽ നൽകാനാണ് മാനന്തവാടി സബ് കലക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്
representative image
വയനാട്:മുട്ടിൽ മരം മുറി കേസിൽ കർഷകർക്ക് എതിരെ റവന്യു വകുപ്പ് നീക്കം. 29 കർഷകരുടെ അപ്പീൽ അപാകത ആരോപിച്ചു തള്ളി.ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ ആശങ്കയിലാണ്.കർഷകരെ സംരക്ഷിക്കുമെന്നസർക്കാർ ഉറപ്പ് പാഴായി എന്ന് വിമർശനം.
ഈ 29 കർഷകരുടെ ഭൂമിയില്‍ നിന്നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മരം മുറിച്ചിരുന്നത്.ഇവരെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിലേക്ക് അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇതില്‍ അപാകതകള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. രേഖകൾ സഹിതം 15 ദിവസനത്തിനകം അപ്പീൽ നൽകാനാണ് മാനന്തവാടി സബ് കലക്ടർ നോട്ടീസ് നൽകിയിരിക്കുന്നത്.അല്ലാത്തപക്ഷം നടപടിയുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.ഇതോടെയാണ് ആദിവാസികൾ ഉൾപ്പടെയുള്ള കർഷകർ ആശങ്കയിലായിരിക്കുന്നത്. മുറിച്ച മരത്തിന്‍റെ പിഴത്തുകയടക്കം സര്‍ക്കാറിലേക്ക് അടക്കേണ്ടിവരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ കര്‍ഷകര്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടെന്നും ഇത് സ്വാഭാവിക നടപടിക്രമങ്ങള്‍ മാത്രമാണെന്നുമാണ് റവന്യു അധികൃതരുടെ വിശദീകരണം.
2020 - 21ലാണ് വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി നടന്നത്. അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന, 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് മുട്ടില്‍ മരം മുറിക്കേസിലെ കുറ്റപത്രത്തില്‍ പറയുന്നത്. 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞിരുന്നു.