കോവിഡ് മൂന്നാംതരംഗം; ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

Update: 2021-08-02 14:37 GMT
Advertising

കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളജുകളുടെയും പ്രധാന ആശുപത്രികളുടേയും മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ദ്വിതീയ തലത്തിലെ ഐ.സി.യു.കള്‍ മെഡിക്കല്‍ കോളജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കാനും ഓക്‌സിജന്‍ കിടക്കകളും ഐ.സി.യു.വും  വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി സംസ്ഥാനം മോചനം നേടിയിട്ടില്ല. കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്‍റെ സാന്നിധ്യവുമുണ്ട്. എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കേണ്ടതാണെന്നും വാക്‌സിന്‍ എടുത്താലും മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,955 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ആണ്. 15,923 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ 1,65,322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,42,684 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News