36 വര്‍ഷത്തെ സേവനത്തിന് ശേഷം ഋഷിരാജ് സിംഗ് ഇന്ന് പടിയിറങ്ങുന്നു

വഹിച്ച ചുമതലകളില്‍ എല്ലാം നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നേരിട്ടാണ് സിംഗിന്‍റെ പടിയിറക്കം

Update: 2021-07-31 02:23 GMT

36 വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ജയില്‍ മേധാവി ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. വഹിച്ച ചുമതലകളില്‍ എല്ലാം നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും നേരിട്ടാണ് സിംഗിന്‍റെ പടിയിറക്കം. കോവിഡ് പ്രതിസന്ധികാലത്ത് ജയിലുകളില്‍ രോഗ വ്യാപനം തടയാന്‍ ഋഷിരാജ് സിംഗ് രൂപീകരിച്ച കര്‍മ്മ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

രാജസ്ഥാനിലെ ബിക്കാനീറില്‍ ജനിച്ച പുകള്‍ രാജ കുടുംബാംഗം ഋഷിരാജ് സിംഗ് കേരളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ ഡി.ജി.പിയായാണ് ഇന്ന് പൊലീസ് സേനയുടെ പടിയിറങ്ങുന്നത്. 1985 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍. നെടുമങ്ങാട് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ആയി. ആദ്യ പോസ്റ്റിംഗ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണര്‍. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍,കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍, ബറ്റാലിയന്‍ എ.ഡി.ജി.പി,എക്സൈസ് കമ്മീഷണര്‍. ഏറ്റവുമൊടുവില്‍ ജയില്‍ വകുപ്പ് മേധാവി. അഴിമതി ആരോപണങ്ങള്‍ ഇല്ലാത്തതും കര്‍ക്കശ നിലപാടുകളും സിംഗിനെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. ഋഷിരാജ് സിംഗ് ആന്‍റിപൈറസി സെല്‍ തലവനായിരിക്കെയാണ് സംസ്ഥാന വ്യാപകമായി വ്യാജ സി‍ഡി റെയ്ഡ് നടന്നതും നിരവധി പ്രതികള്‍ അറസ്റ്റിലായതും.

Advertising
Advertising

വി.എസ് സര്‍ക്കാരിന്‍റെ കാലത്ത് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മൂന്നാര്‍ ദൌത്യസംഘത്തിലെ പ്രധാനിയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ഹെല്‍മെറ്റും, സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കി. പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കാനുള്ള സര്‍ക്കുലര്‍ വിവാദമായതോടെ പിന്‍വലിച്ചു. ബറ്റാലിയന്‍ എഡിജിപി ആയിരിക്കെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ പൊതുപരിപാടിയില്‍ സല്യൂട്ട് ചെയ്യാതിരുന്നതും സിംഗിനെ വിവാദത്തിലാക്കി. സ്ത്രീയെ ഒരാള്‍ 14 സെക്കന്‍ഡ് തുറിച്ച് നോക്കിയാല്‍ കേസെടുക്കാമെന്ന പരാമര്‍ശവും വിമര്‍ശനം നേരിട്ടു. എക്സൈസ് കമ്മീഷണറായിരിക്കെ സര്‍ക്കാരിന്‍റെ വിമുക്തി പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയതും ജയില്‍ മേധാവിയായിരിക്കെ ജയില്‍ വകുപ്പില്‍ നടത്തിയ പരിഷ്കാരങ്ങളുമാണ് കഴിഞ്ഞ ൫ വര്‍ഷങ്ങളില്‍ ഋഷിരാജ് സിംഗിനെ ശ്രദ്ധേയനാക്കിയത്.

ജയിലുകളിലെ ലഹരിക്കടത്തും മൊബൈല്‍ ഉപയോഗവും തടയുന്നതിനായി തുടര്‍ച്ചയായി നടത്തിവരുന്ന പരിശോധനകള്‍ ഒരു പരിധിവരെ ഫലം കണ്ടു. തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ ജയിലുകള്‍ക്കകത്ത് തന്നെ കര്‍മ്മപദ്ധതി രൂപീകരിച്ച് കോവിഡിനെ പിടിച്ചുകെട്ടിയത്. അഭിനന്ദനം നേടി. സി.ബി.ഐ ജോയിന്‍റ് ഡയറക്ടര്‍ ആയിരിക്കെ കോളിളക്കം സൃഷ്ട്ടിച്ച ആദര്‍ശ്‌ ഫ്ലാറ്റ് കുംഭകോണ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയതും ഋഷിരാജ്  സിംഗായിരുന്നു. കര്‍ക്കശ നിലപാടുകളും എടുത്തുചാട്ടക്കാരനെന്ന പേരുമാണ് സീനിയോരിറ്റിയുണ്ടായിരുന്നിട്ടും ക്രമസമാധാന ചുമതലയുടെ തലപ്പത്തെത്തുന്നതില്‍ സിംഗിന് തടസ്സമായത്. വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ കുടുംബത്തോടൊപ്പം തുടരാനാണ് ഋഷിരാജ് സിംഗിന്‍റെ തീരുമാനം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News