ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങായി 15 കോടി രൂപയുടെ ധനസഹായവുമായി ആർ.പി ഫൗണ്ടേഷൻ

രവി പിള്ളയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആർ.പി ഫൗണ്ടേഷനിലൂടെ നടത്തുന്നത്.

Update: 2021-06-10 11:57 GMT
Editor : Suhail | By : Web Desk

കോവിഡ് മൂലം അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെയുള്ള മലയാളികൾക്ക് സഹായ ഹസ്തവുമായി ആർ.പി ഫൗണ്ടേഷൻ. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്ത കോവിഡ്, പ്രവാസികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കിയത് വേദനാജനകമാണെന്നു പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ് ചെയർമാനുമായ ഡോ. ബി രവി പിള്ള പറഞ്ഞു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാപിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും, ആർ.പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

കോവിഡ് പ്രതിസന്ധി തുടങ്ങിയതു മുതൽ ആർ.പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങളിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പടെ നിരവധി സാമ്പത്തിക സഹായങ്ങൾ നൽകി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കിയതായി രവി പിള്ള പറഞ്ഞു.

ഈ ദുരിത കാലത്ത് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്നും രവി പിള്ള പറഞ്ഞു. ഈ സാഹചര്യത്തിൽ, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അർഹരായ പരമാവധി ആളുകൾക്ക് എത്രയും പെട്ടന്ന് ആർ.പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുള്ള പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിന് വേണ്ടി വിതരണം ചെയ്യും. പത്തു കോടി രൂപ ആർ.പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, പെൺകുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങൾക്കും, വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും.

കോവിഡ് നിമിത്തം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർ.പി ഫൗണ്ടേഷൻ ലക്ഷ്യം വക്കുന്നതെന്നും രവി പിള്ള പറഞ്ഞു. 

രവി പിള്ളയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആർ.പി ഫൗണ്ടേഷനിലൂടെ നടത്തുന്നത്. ഫൗണ്ടേഷന്റെ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തികൊടുക്കുകയും അവർക്കാവശ്യമായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. ഭവന രഹിതർക്കായി നിരവധി വീടുകൾ നിർമിച്ചു നൽകുകയും നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുകയും ചെയ്തുവരുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചിലവഴിച്ചത്.

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം.പി/മന്ത്രി/എം.എൽ.എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ.പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് ഡോ. ബി. രവിപിള്ള നിർദ്ദേശിച്ചു.

RP Foundation, P.B. No. 23, Head Post Office, Kollam - 01

Kerala, India

OR Email to: rpfoundation@drravipillai.com

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News