നോട്ടുകെട്ടുകളുടെ കൂമ്പാരം, മെഴ്‌സിഡസ്, ഓഡി കാറുകൾ, 22 ആഡംബര വാച്ചുകൾ; പഞ്ചാബിൽ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത് കോടികളുടെ സ്വത്തുക്കൾ

ഇടനിലക്കാരനിൽ നിന്ന് 21 ലക്ഷം രൂപയും സിബിഐ പിടിച്ചെടുത്തു

Update: 2025-10-17 05:41 GMT
Editor : Jaisy Thomas | By : Web Desk

Photo| NDTV

ചണ്ഡീഗഡ്: പഞ്ചാബിലെ റോപ്പർ റേഞ്ചിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ആയി നിയമിതനായ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹർചരൺ സിങ് ഭുള്ളര്‍ കൈക്കൂലി കേസിൽ അറസ്റ്റിൽ. കേസ് ഒത്തുതീര്‍പ്പാക്കാനായി ഫത്തേഗഢ് സാഹിബ് ജില്ലയിലെ ആകാശ് ബട്ട എന്ന സ്ക്രാപ് വ്യാപാരിയിൽ നിന്നും എട്ടു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച ഭുള്ളറെയും ഒരു ഇടനിലക്കാരനെയും മൊഹാലിയിലെ ഓഫീസിൽ അറസ്റ്റ് ചെയ്തത്.

Advertising
Advertising

ബട്ടക്കെതിരെ ഫയൽ ചെയ്ത ക്രിമിനിൽ കേസ് ഒത്തുതീര്‍പ്പാക്കാൻ ഇടനിലക്കാരനായ കൃഷ്ണ എന്നയാൾ വഴി കൈക്കൂലി ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തുവെന്നും മാസം തോറും പണം ആവശ്യപ്പെട്ടതായും സിബിഐ വ്യക്തമാക്കുന്നു. മണ്ഡി ഗോബിന്ദ്ഗഢ് നിവാസിയായ പരാതിക്കാരന്‍റെ പേരിൽ ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ മോഷ്ടിച്ചതിന് കേസെടുത്തിരുന്നു.


ഹർചരൺ സിങ്ങുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടെടുത്തത്. അഞ്ച് കോടി രൂപ, 1.5 കിലോ ആഭരണങ്ങൾ, 22 ആഡംബര വാച്ചുകൾ, ഓഡി, മെഴ്സിഡസ് കാറുകൾ, ലോക്കറിന്‍റെ താക്കോലുകൾ, 40 ലിറ്റര്‍ ഇറക്കുമതി ചെയ്ത മദ്യക്കുപ്പികൾ, ഒര പിസ്റ്റൾ, റിവോൾവര്‍, ഡബിൾ ബാരൽ തോക്ക് എന്നിവ സിബിഐ കണ്ടെടുത്തു. പഞ്ചാബിലെ സ്ഥാവര സ്വത്തുക്കളുടെയും സ്വത്തുക്കളുടെയും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.

ഇടനിലക്കാരനിൽ നിന്ന് 21 ലക്ഷം രൂപയും സിബിഐ പിടിച്ചെടുത്തു. രണ്ട് പ്രതികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. കേസിൽ അന്വേഷണം തുടരുകയാണ്. ഡൽഹിയിൽ നിന്നും ചണ്ഡീഗഡിൽ നിന്നുമുള്ള സിബിഐ സംഘങ്ങൾ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഭുള്ളർ, പട്യാല റേഞ്ചിലെ ഡിഐജി, വിജിലൻസ് ബ്യൂറോയുടെ ജോയിന്‍റ് ഡയറക്ടർ, മൊഹാലി, സംഗ്രൂർ, ഖന്ന, ഹോഷിയാർപൂർ, ഫത്തേഗഡ് സാഹിബ്, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ സീനിയർ പൊലീസ് സൂപ്രണ്ട് തുടങ്ങി നിരവധി പ്രധാന തസ്തികകൾ വഹിച്ചിട്ടുണ്ട്.



2021-ൽ, ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് ബിക്രം സിങ് മജീദിയക്കെതിരായ ഉന്നത മയക്കുമരുന്ന് കടത്ത് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) ചുമതല ഭുള്ളർക്കായിരുന്നു. സംസ്ഥാനത്തുടനീളമുള്ള മയക്കുമരുന്ന് ശൃംഖലകൾ തകർക്കുന്നതിനായി പഞ്ചാബ് സർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണമായ 'യുദ്ധ് നശേയാൻ വിരുദിലും' പങ്കാളിയായിരുന്നു.

2024 നവംബറിലാണ് ഭുള്ളർ റോപ്പർ റേഞ്ചിലെ ഡിഐജിയായി ചുമതലയേറ്റത്. മൊഹാലി, രൂപ്‌നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളുടെ മേൽനോട്ടം വഹിച്ചുകൊണ്ട് അദ്ദേഹം പഞ്ചാബ് മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) എം. എസ് ഭുള്ളറുടെ മകൻ കൂടിയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News