'സീൽ ചെയ്ത്,ഷീൽഡാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്, വിജിലൻസ് വന്നപ്പോഴാണ് പീഠമാണെന്നറിയുന്നത്'; ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ സഹോദരി മിനി
ഉണ്ണികൃഷ്ണൻ പോറ്റി ഇത്തരത്തിൽ പലതും കൊണ്ട് വരാറുണ്ടെന്ന് മിനിയുടെ ഭർത്താവ് ഈശ്വരൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപീഠം വീട്ടിൽ കൊണ്ടുവന്നത് സഹോദരനാണെന്ന് സ്പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരി മിനി ദേവി.ഷീൽഡ് ആണെന്നാണ് പറഞ്ഞതാണ് പീഠം കൊണ്ടുവന്നതെന്നും ഇടയ്ക്ക് ഇത്തരത്തിൽ കൊണ്ടു വരാറുണ്ടെന്നും മിനി ദേവി പറഞ്ഞു.എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് തിരികെ കൊണ്ടുപോകുമെന്നാണ് പറഞ്ഞിരുന്നത്.വിജിലൻസ് വന്നപ്പോഴാണ് പീഠമാണെന്നും അറിയുന്നതെന്നും സഹോദരി പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റി ഇത്തരത്തിൽ പലതും കൊണ്ട് വരാറുണ്ടെന്ന് മിനിയുടെ ഭർത്താവ് ഈശ്വരൻ പോറ്റിയും പ്രതികരിച്ചു. ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണ പീഠം പരാതിക്കാരന്റെ വീട്ടിൽ കണ്ടെത്തിയതിൽ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു. സ്പോൺസർ ഉണ്ണികൃഷ്ണനെ വിശ്വസിക്കാനാവില്ല. ആകെ നാടകം കളിക്കുകയാണ്. ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ട് കളയാൻ വേണ്ടിയുള്ള ആസൂത്രണമാണ് നടന്നതെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.