Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്മ ര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചത് ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം. 14 പാളികളില്‍ നിന്ന് 577 ഗ്രാമും സൈഡ് പാളികളില്‍ നിന്ന് 409 ഗ്രാമും വേര്‍തിരിച്ചെടുത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണമാണെങ്കിലും ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണ്ണമാണെന്നത് അടക്കമുള്ള രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കുമായി ബന്ധപ്പെട്ട പുറത്തുവന്ന വിവരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ ഇവര്‍ നിഷേധിക്കുകയാണ് ചെയ്തിരുന്നത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പോലൊരു പ്രവര്‍ത്തി തങ്ങള്‍ ചെയ്തിട്ടില്ലെന്നും സ്വര്‍ണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ അന്നുതന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമികഘട്ടത്തില്‍ ചോദ്യം ചെയ്തത്. ഇതിനെതുടര്‍ന്ന് ശബരിമല സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ടെന്ന് അന്ന് ഭണ്ഡാരി സമ്മതിച്ചിരുന്നു.
ഇന്നലെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. വില്‍പനയ്ക്കായി ഗോവര്‍ധനെ ഏല്‍പിച്ചിരിക്കുന്നത് 477 ഗ്രാം സ്വര്‍ണമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി 97 ഗ്രാം സ്വര്‍ണവും നല്‍കിയതായും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളിലുണ്ട്. ഇതിനപ്പുറത്തേക്ക് ഇവര്‍ തമ്മില്‍ മറ്റെന്തിങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡിക്ക് കേസിന്റെ മുഴുവന്‍ രേഖകളും കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്‌ഐടി വാദം തള്ളിയാണ് കോടതിയുടെ നടപടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതില്‍ അന്വേഷണം നടത്താന്‍ രേഖകള്‍ ആവശ്യപ്പെട്ടാണ് വിജലന്‍സ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍,റിമാന്‍ഡര്‍ റിപ്പോര്‍ട്ട്, എഫ് ഐ എസ് മൊഴിപ്പകര്‍പ്പുകള്‍ ഉള്‍പ്പെടെ എസ്‌ഐടി ഇഡിക്ക് കൈമാറണം.
അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇഡി അന്വേഷണം എസ്‌ഐടി അന്വേഷണത്തെ ബാധിക്കും എന്നതായിരുന്നു പ്രധാനവാദം. ഇവയെല്ലാം കോടതി പൂര്‍ണമായി തള്ളി. വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണപ്പാളികള്‍ എത്തിച്ചതിലൂടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. രാജ്യാന്തര വിഗ്രഹ കടത്തു സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന വെളിപെടുത്തല്‍ രമേശ് ചെന്നിത്തലയും നടത്തിയിരുന്നു. രേഖകള്‍ എത്രയും വേഗം കൈപ്പറ്റി കേസെടുത്തു അന്വേഷണം ആരംഭിക്കും.