പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് സന്നിധാനത്തെത്തും. കേസിലെ ഗൂഢാലോചനയും സ്വർണ്ണം കടത്തിയ രീതിയും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് സംഘത്തിന്റെ സന്ദർശനം. ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ശ്രീകോവിലിനുള്ളിലും പരിസരത്തും സംഘം വിശദമായ തെളിവെടുപ്പ് നടത്തും.
ശബരിമലയിലെ സ്വർണ്ണപാളികളിൽ പരിശോധന നടത്തിയ വിഎസ്എസ് സിയിലെ ശാസ്ത്രജ്ഞരെയും പ്രത്യേക അന്വേഷണ സംഘം ഉടൻ കാണും. ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിൻ്റെ ഭാഗമായിട്ടാണിത്.
1998 ലെ സ്വർണ്ണ പാളികളും പിന്നീട് പ്ലേറ്റിംഗ് നടത്തിയതിനുശേഷമുള്ള പാളികളും തമ്മിൽ പ്രകടമായ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഏതുതരത്തിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് സംഘം പരിശോധിക്കുക. കഴിഞ്ഞ വർഷം മെയ് 17, 18 തീയതികളിൽ ആയിരുന്നു സന്നിധാനത്ത് എസ് ഐ ടി പാളികളിലെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ശബരിമലയിലെ ദ്വാരപാലക ശിൽപം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സർക്കാരുകൾ അതിന് മുന്നേയുള്ള വിഎസ്, ഉമ്മൻ ചാണ്ടി സർക്കാർ എന്നിങ്ങനെ നാല് സർക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ശബരിമലയിൽ നിന്ന് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും കൊണ്ടുപോയി സ്വർണം തട്ടിയെടുത്തു എന്ന നിരീക്ഷണമാണ് കോടതി പങ്കുവെക്കുന്നത്. 1998ലാണ് വിജയ് മല്ല്യയുടെ നേതൃത്വത്തിലുള്ള യുപി ഗ്രൂപ് ഇതിൽ സ്വർണം പൂശിയത്. 2019ലാണ് ആദ്യമായി ഇവ പുറത്ത് കൊണ്ടുപോകുന്നത്. അറ്റകുറ്റപ്പണിക്ക് ശേഷം തിരികെ കൊണ്ടുവന്ന സ്വർണം 2025ൽ വീണ്ടും പുറത്തുകൊണ്ടുപോയി. രണ്ട് തവണകളായാണ് ദ്വാരപാലക ശില്പവും കട്ടിളപ്പാളിയും പുറത്തുകൊണ്ടുപോയത്.
2017ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തുള്ള കൊടിമരത്തിന്റെ പുനർനിർമാണവും വാജിവാഹനം കൈമാറ്റം ചെയ്ത സംഭവത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ നിർദ്ദേശത്തിലുണ്ട്. അതുപോലെ പി.എസ് പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന കാലത്തെയും അന്വേഷണം നടത്തണമെന്നും കോടതി.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യഹർജി നൽകിയത്. വിശദമായ വാദം കേട്ട ശേഷം ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ കോടതി അന്തിമ തീരുമാനമെടുക്കും. നേരത്തെ പോറ്റി നൽകിയ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളിയിരുന്നു. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനായുള്ള SIT യുടെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ മെമ്പറും സിപിഎം പ്രതിനിധിയുമായ വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.