ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് അംഗങ്ങളും പ്രതികൾ

കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതിലാണ് കേസെടുത്തത്

Update: 2025-10-12 08:14 GMT
Editor : Lissy P | By : Web Desk

photo| special arrangement

തിരുവനന്തപുരം:ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതിസ്ഥാനത്ത്. 2019 ലെ ഭരണസമിതി അംഗങ്ങളെയാണ് പ്രതിചേർത്തത്. ദേവസ്വം ബോർഡിന്‍റെ പരാതിയിലാണ് എഫ്ഐആർ.

കോവിലിലെ കട്ടിള പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് ബോർഡ് അംഗങ്ങളെ പ്രത്യേക അന്വേഷണസംഘം പ്രതി ചേർത്തത്. എട്ടാം പ്രതിയാക്കിയാണ് എഫ്ഐആർ . സിപിഎം നേതാവും ഇതോടെ അന്നത്തെ ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ, കെ.പി ശങ്കരദാസ് , കെ. രാഘവൻ , ദേവസ്വം കമ്മീഷണർ എൻ.വാസു എന്നിവരും പ്രതികളായി. ബോർഡിന് നഷ്ടമുണ്ടാക്കാനായി ഇവർ മറ്റു പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. 

Advertising
Advertising

2019ലെ ദേവസ്വം കമ്മീഷണർ എന്ന നിലയിലാണ് മുൻ ബോർഡ് പ്രസിഡൻറ് കൂടിയായ എൻ.വാസുവിനെ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണ്ണം ഏറ്റുവാങ്ങിയ കൽപേഷ് ആണ് കേസിലെ രണ്ടാം പ്രതി. അന്വേഷണത്തിന് ഭാഗമായി എസ് ഐ ടി സംഘം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലെത്തി പരിശോധന നടത്തി. ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം ബോർഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യംചെയ്യാനാണ് നീക്കം.

അതേസമയം,  വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയ്യാറാണ്.വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല.എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,സ്വർണ്ണ കൊള്ളയിൽ അന്വേഷണം ആരംഭിച്ച എസ് ഐ ടി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഒമ്പത് ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തലുകളെ തള്ളി സ്മാർട് ക്രിയേഷൻസ്. ദ്വാരപാലക ശിൽപ പാളികൾ ഉരുക്കിയപ്പോള്‍ ലഭിച്ചത് 577 ഗ്രം സ്വർണ്ണം മാത്രമാണെന്നാണ് സ്മാർട് ക്രിയേഷൻസ് പറയുന്നത്. പാളികളിൽ 1564 ഗ്രാം സ്വർണ്ണം ഉണ്ടായിരുന്നുവെന്ന യു ബി ഗ്രൂപ്പിൻ്റെ അവകാശവാദം തെറ്റ്. ദ്വാരപാലക ശിൽപങ്ങളിൽ എത്ര ഗ്രാം സ്വർണ്ണം പൂശിയിരുന്നുവെന്നതിന് ആധികാരികമായ രേഖകളില്ലെന്നും സ്മാർട് ക്രിയേഷൻസ് പറയുന്നു. 1564 ഗ്രാം സ്വർണ്ണമെന്നാണ് യു ബി ഗ്രൂപ്പ് ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നത്. യു ബി ഗ്രൂപ്പിൻ്റെ കണക്കിനേക്കാൾ ഒരു കിലോ സ്വർണ്ണം കുറവാണ് ഉരുക്കിയപ്പോൾ ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News