Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
രണ്ട് കേസുകളിലായി ഒമ്പത് പേരെയാണ് ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ അറസ്റ്റിലായവരിൽ രണ്ട് പേർ മാത്രമാണ് സർവീസിലുള്ളത്. ഈ ഉദ്യോഗസ്ഥരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കാനാണ് പൊലീസ് നീക്കം. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ, തിരുവാഭരണം കമ്മീഷണറുമാരായ ബൈജു, രാധാകൃഷ്ണൻ എന്നിങ്ങനെ മൂന്ന് പേരെയാകും അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക.
കഴിഞ്ഞ ദിവസമാണ് ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് സുധീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് സുധീഷ് കുമാറിൽ നിന്നും നിർണായ വിവരങ്ങൾ ലഭിച്ചിരുന്നു. മുരാരി ബാബു സ്വർണപ്പാളികളെ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് അതേപടി എഴുതുകയും പിന്നീട് ദേവസ്വം ബോർഡിന് ശിപാർശ ചെയ്യുകയും ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ ഇത് കൊടുത്ത് വിടണമെന്ന് ആവിശ്യപ്പെട്ടത് ഇയാളാണെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.