‘ജനങ്ങളുടെ സമ്മതത്തോടെയാണ് ലീഗ് മുന്നോട്ടുപോകുന്നത്’; എം.വി ഗോവിന്ദന് മറുപടിയുമായി സാദിഖലി തങ്ങൾ
‘ഇന്ന് ലീഗിനെ പലരും മാടി വിളിക്കുന്നുണ്ട്. ലീഗിന് അതിന്റേതായ സ്വപ്നങ്ങളുണ്ട്’
കോഴിക്കോട്: സംസ്ഥാന സമ്മേളനത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ജനങ്ങളുടെയും സമൂഹത്തിന്റെയും സമുദായത്തിന്റെയും സമ്മതത്തോടെയാണ് ലീഗ് മുന്നോട്ട് പോകുന്നത്. എന്നാൽ, പലരുടെയും സമ്മതം ഉണ്ടെങ്കിലേ പലർക്കും എന്തെങ്കിലും ചെയ്യാൻ കഴിയൂ. ഇന്ന് ലീഗിനെ പലരും മാടി വിളിക്കുന്നുണ്ട്. ലീഗിന് അതിന്റേതായ സ്വപ്നങ്ങളുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മതേതരത്വം , പരസ്പര സ്നേഹം എന്നിവയിൽ ഊന്നിയാണ് മുസ്‍ലിം ലീഗ് പ്രവർത്തിക്കുന്നത്. ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നതിന് ലീഗ് മാതൃകയാണ്. ബഹുസ്വര സമൂഹത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് മതപരമായ മൂല്യങ്ങൾ ഒഴിവാക്കിയല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി– എസ്ഡിപിഐ തടങ്കൽപാളയത്തിലാണ് മുസ്‌ലിം ലീഗെന്നായിരുന്നു കഴിഞ്ഞദിവസം ഗോവിന്ദന്റെ വിമർശനം. അതിന്റെ ഗുണഭോക്താക്കളാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.