'വി.എസ് സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയർന്നുവന്ന നേതാവ്'; അനുശോചിച്ച് സഫാരി സൈനുൽ ആബിദീൻ
ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളിൽ എന്നും സ്ഥാനമുണ്ടായിരുന്നുവെന്ന് സഫാരി സൈനുൽ ആബിദീൻ അനുസ്മരിച്ചു.
കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സഫാരി സൈനുൽ ആബിദീൻ. സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയർന്നുവന്ന നേതാവായിട്ടാണ് വി.എസ് എന്നും ഓർമിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളിൽ എന്നും സ്ഥാനമുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനുമായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓർക്കപ്പെടുമെന്നും സഫാരി സൈനുൽ ആബിദീൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് അന്തരിച്ച വി.എസിന്റെ പൊതുദർശനം സെക്രട്ടേറിയറ്റ് ദർബാർഹാളിൽ പൂർത്തിയായി. ഇനി ഭൗതികശരീരം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം മൂന്ന് വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി.എസിന്റെ സംസ്‌കാരം നടക്കും.