ജലീലിന് സിമിയിലോ ലീഗിലോ സ്ഥാനങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴും അവരുടെ വേദികളിൽ കയറി ഇടതുപക്ഷത്തെ വിമർശിക്കുമായിരുന്നു: സലീം മടവൂര്‍

സിമിയിൽ നിന്നും അധികാരത്തിന് തർക്കിച്ചാണ് കെ.ടി ജലീൽ പുറത്ത് വന്ന് മുസ്‍ലിം ലീഗിൽ ചേർന്നത്

Update: 2022-07-08 05:20 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്‍റും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിനെതിരെയുള്ള മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍.ജെ.ഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍.ആശയപരമായ അഭിപ്രായ വ്യത്യാസത്തിനു പകരം തന്‍റെ സ്ഥാനമാനങ്ങളുടെ പേരിൽ സിമിയിലും ലീഗിലും കലഹിച്ച് ഇടതുപക്ഷത്തെത്തിയ കെ.ടി.ജലീലിൽ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകൾക്കോ ശ്രേയാംസ് കുമാറിനോ ഇല്ലെന്ന് സലീം ഫേസ്ബുക്കില്‍ കുറിച്ചു.

സജി ചെറിയാന്‍റെ രാജിയുമായി ബന്ധപ്പെട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിന്‍റെ പശ്ചാത്തലത്തിലായിരുന്നു ജലീലിന്‍റെ വിമര്‍ശനം. 'മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്‍റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?' എന്നായിരുന്നു ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്.

Advertising
Advertising

സലീം മടവൂരിന്‍റെ കുറിപ്പ്

കെ.ടി ജലീലിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകൾക്കില്ലെന്ന് ആദ്യമേ പറയട്ടെ. സിമിയിൽ നിന്നും അധികാരത്തിന് തർക്കിച്ചാണ് കെ.ടി ജലീൽ പുറത്ത് വന്ന് മുസ്‍ലിം ലീഗിൽ ചേർന്നത്. മുസ്‍ലിം ലീഗിൽ മുസ്‍‍ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് സ്ഥാനത്തിന് തർക്കിച്ച് കിട്ടാതെ വന്നപ്പോഴാണ് അദ്ദേഹം ലീഗ് വിട്ടത്. ലീഗ് വിടാൻ കരിമണൽ ഖനനത്തിന്‍റെ പേരിൽ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് പുറത്താക്കാൻ കരുതിക്കൂട്ടി സാഹചര്യം സൃഷ്ടിക്കുകയായിരുന്നു. ആശയപരമായ അഭിപ്രായ വ്യത്യാസത്തിനു പകരം തന്‍റെ സ്ഥാനമാനങ്ങളുടെ പേരിൽ സിമിയിലും ലീഗിലും കലഹിച്ച് ഇടതുപക്ഷത്തെത്തിയ കെ.ടി.ജലീലിൽ നിന്നും രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് സോഷ്യലിസ്റ്റുകൾക്കോ ശ്രേയാംസ് കുമാറിനോ ഇല്ല. കെ.ടി ജലീലിന് സിമിയിലോ മുസ്‍ലിം ലീഗിലോ ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴും അവരുടെ വേദികളിൽ കയറി ഇടതുപക്ഷത്തെ വിമർശിക്കുമായിരുന്നു. കാർട്ടൂണുകളെ ഉൾക്കൊള്ളാനുള്ള യഥാർഥ ഇടതുപക്ഷ മനസ്സ് ജലീലിന് ഇനിയും കൈവന്നിട്ടില്ല. അത് ആശയപരമായി മാറാത്തതിന്‍റെ പ്രശ്നമാണ്.

സജി ചെറിയാൻ പറഞ്ഞ കുന്തമാണ് കാർട്ടൂണിസ്റ്റ് മാതൃഭൂമി പത്രത്തിൽ വരച്ചതെന്ന് തിരിച്ചറിയാനോ കാർട്ടൂണിസ്റ്റിന്‍റെ ഭാവന ഉൾക്കൊള്ളാനോ അദ്ദേഹത്തിന് കഴിയാത്തത് ഖേദകരമാണ്. സജി ചെറിയാൻ പറഞ്ഞതും കാർട്ടൂണിസ്റ്റ് വരച്ചതുമായ കുന്തം ശൂലമാണെന്ന് പറഞ്ഞ് കെ.ടി ജലീൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.ഇത് വർഗീയ ചേരിതിരിവ് കൂടെ ലക്ഷ്യം വെച്ചാണ്. അത് കേരളത്തിൽ വിലപ്പോവില്ല. കാർട്ടൂണിസ്റ്റിന്‍റെ ഭാവനയെ വികൃതമായി ഉൾക്കൊള്ളുന്നതും കുന്തത്തെ ശൂലമായി തെറ്റിദ്ധരിപ്പിക്കുന്നതും ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചത് മാതൃഭൂമി സ്ഥാനാർഥിയായാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതും പഠിച്ച നഴ്സറിയുടെ കുഴപ്പമാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News