വാഫി അഡ്മിഷന് തടയിടാൻ സമസ്ത; ബദൽ വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്തും

വാഫി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടി അറിയിച്ച് സാദിഖലി തങ്ങൾ വീഡിയോ ഇറക്കിയതോടെയാണ് വിവാദം വീണ്ടും സജീവമായത്

Update: 2023-04-02 01:21 GMT

കോഴിക്കോട്: വാഫി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾക്ക് തടയിടാൻ സമസ്ത. അബ്ദുൽ ഹക്കീം ഫൈസിയുമായി ബന്ധമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് സമസ്ത മുശാവറ പ്രസ്താവനയിറക്കിയത് ഇതിന്റെ ഭാഗമായാണ്. ബദൽ വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്താനും സമസ്ത നീക്കം തുടങ്ങി. അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ വിദ്യാഭ്യാസ സംവിധാനങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറയുടെ പ്രഖ്യാപനം. ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായതും തിരുനബിയോടുള്ള ബഹുമാനാദരവുകൾക്ക് നിരക്കാത്തതുമായ കാര്യങ്ങൾ അദ്ദേഹം പ്രസംഗിച്ചതായി മുശാവറക്ക് ബോധ്യപ്പെട്ടു. ഇത് വിദ്യാർഥികളും സമൂഹവും വഴിപിഴക്കാൻ ഇടയാക്കും എന്നും മുശാവറ വിലയിരുത്തി.

Advertising
Advertising

വാഫി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ അറിയിച്ച് കൊണ്ട് സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം വീഡിയോ ഇറക്കിയതോടെയാണ് വിവാദം വീണ്ടും സജീവമായത്. വാഫി കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു സമസ്ത നേതൃത്വം. സാദിഖലി തങ്ങളുടെ വീഡിയോക്ക് പിന്നാലെ സിഐസിക്കെതിരെ സമസ്തയിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ഹമീദ് ഫൈസി അമ്പലക്കടവുൾപ്പെടെയുള്ള നേതാക്കളും രണ്ട് എസ്‌കെഎസ്എസ്എഫ് ജില്ലാഘടകങ്ങളുമാണ് വിമർശനമുയർത്തിയത്. ഇത് സമസ്തയുടെ ഔദ്യോഗിക നിലപാടല്ലെന്ന വാദങ്ങൾക്ക് പിന്നാലെയാണ് സമസ്ത മുശാവറ തന്നെ നിലപാട് പ്രഖ്യാപിച്ചത്. അതേസമയം ബദൽ വിദ്യാഭ്യാസ സംവിധാനം ശക്തിപ്പെടുത്താനാണ് സമസ്തയുടെ നീക്കം. ഇതിനായി സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതിക്കും സമസ്ത മുശാവറ യോഗം അന്തിമരൂപം നൽകി. ഭാവി കാര്യങ്ങൾ സാദിഖലി തങ്ങളുമായി കൂടിയാലോചിക്കാൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെട്ട നാലംഗ സമിതിയെ സമസ്ത മുശാവറ ചുമതലപ്പെടുത്തിയിരുന്നു. സമസ്ത നാഷണൽ എഡ്യുക്കേഷനൽ കൗൺസിൽ എന്ന സംവിധാനം വഴിയാണ് ബദൽ പദ്ധതി നടപ്പാക്കുന്നത്.

Full View

Samasta to prevent wafi admission; Alternative education system will be strengthened

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News