'സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ല, പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ': ജിഫ്രി മുത്തുക്കോയ തങ്ങൾ

വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രിയോടൊപ്പമുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ നഷ്ടവും ലാഭവും അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു തങ്ങളുടെ മറുപടി

Update: 2025-12-20 07:57 GMT

തിരുവനന്തപുരം: സമസ്തയും ലീഗും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പിണറായിയുമായുള്ള അടുപ്പം ന്യൂനപക്ഷങ്ങളുടെ  അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ. എസ്ഐആർ പട്ടികയിൽ നിന്ന് അർഹരായ ഒരാൾ പോലും പുറത്ത് പോകരുതെന്നും അങ്ങനെ സംഭവിച്ചാൽ നാടിന്‍റെ ജനാധിപത്യ സംവിധാനത്തെ അത്  ദുർബലപ്പെടുത്തും. രേഖകൾ ഉണ്ടായിട്ടും വോട്ട് തള്ളിയാൽ ആശങ്കയുണ്ടാകും. കേരളത്തിൽ അങ്ങനെ  സംഭവിക്കുമെന്ന് താൻ കരുതില്ലെന്നും  തങ്ങൾ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

Advertising
Advertising

'സമസ്തയും ലീഗും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സമസ്തയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശതാബ്ദി സന്ദേശ യാത്രയില്‍ അബ്ബാസ് അലി തങ്ങള്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണമാണ് അദ്ദേഹത്തിന് വരാന്‍ സാധിക്കാഞ്ഞത്. പിണക്കത്തിന്റെ ഭാഗമായല്ല. സാദിഖ് അലിയാണല്ലോ ചെയര്‍മാന്‍. താനുമായി ലീഗില്‍ ആര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസം ഉള്ളതായി അറിയില്ല.'

'എല്ലാവരെയും ക്ഷണിച്ചു. വരാതിരുന്നതൊന്നും പിണക്കം കൊണ്ടല്ല, അസൗകര്യം കൊണ്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വിധിയെ കുറിച്ച് തന്നോടൊന്നും ചോദിക്കേണ്ട. സമസ്തക്ക് രാഷ്ട്രീയമില്ല.' അദ്ദേഹം വ്യക്തമാക്കി

വെള്ളാപ്പള്ളിയുടെ മുഖ്യമന്ത്രിയോടൊപ്പമുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് അതിന്റെ നഷ്ടവും ലാഭവും അവനവന്‍ തന്നെ അനുഭവിക്കണമെന്നായിരുന്നു തങ്ങളുടെ മറുപടി.

'യാത്ര ചെയ്യരുതെന്ന് വെള്ളാപ്പള്ളിയോടും കൂടെ കൂട്ടരുതെന്ന് മുഖ്യമന്ത്രിയോടും പറയാന്‍ കഴിയില്ലല്ലോ. കൂടെ കൂട്ടി നടക്കുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം.'

'ജമാഅത്ത് അടക്കമുള്ളവരോട് ആശയപരമായ എതിര്‍പ്പ് ഉണ്ട്. അവര്‍ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുന്നതിനോ ആരുടെയെങ്കിലും ഒപ്പം ചേരുന്നതിനോ ഞങ്ങള്‍ക്ക് കുഴപ്പമില്ല. ഇത് ഒരു ജനാധിപത്യ രാജ്യമല്ലേ. ഇതില്‍ അഭിപ്രായം പറഞ്ഞാല്‍ താന്‍ അപഹാസ്യനാകും. ജമാഅത്തുമായി ഞങ്ങള്‍ കൂട്ടുകൂടുമോയെന്ന് എന്നോട് ചോദിക്കൂ.' ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതുകൊണ്ടാണ് പിണറായിയുമായി അടുപ്പം സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News