സാദിഖലി തങ്ങളുമായി സഹകരിച്ച് വാഫി, വഫിയ സംവിധാനം ശക്തിപ്പെടുത്തും: സമസ്ത

ഹക്കീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും സമസ്ത വ്യക്തമാക്കി.

Update: 2023-02-14 16:09 GMT

Samastha

കോഴിക്കോട്: സാദിഖലി ശിഹാബ് തങ്ങളുമായി ചേർന്ന് വാഫി, വഫിയ സംവിധാനം ശക്തിപ്പെടുത്താൻ സമസ്ത മുശാവറ തീരുമാനം. ഹക്കീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറിയായി തുടരുന്ന കാലത്തോളം സി.ഐ.സിയുമായി സഹകരിക്കില്ലെന്നും സമസ്ത വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയുണ്ടാക്കുമെന്നാണ് സൂചന.

ആദർശ വ്യതിയാനം ആരോപിച്ച് സി ഐ സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ കഴിഞ്ഞ നവംബറിൽ സമസ്ത പുറത്താക്കിയിരുന്നു. സി.ഐ സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹക്കീം ഫൈസിയെ നീക്കാനും സമസ്ത നിർദേശം നല്കി. എന്നാൽ ഇതുവരെ സി.ഐ.സി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. സി.ഐ.സിക്ക് കീഴിലെ വാഫി- വഫിയ കോഴ്സുകള്‍ നടക്കുന്നത് ഭൂരിഭാഗവും സമസ്തക്ക് നേരിട്ട നിയന്ത്രണമുള്ള സ്ഥാപനങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ഹക്കീം ഫൈസിയുടെ നേതൃത്വത്തിലുള്ള സി.ഐ.സിയെ മാറ്റിനിർത്തി വാഫി - വഫിയ കോഴ്സ് നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കാന് സമസ്ത മുശാവറ ധാരണയിലെത്തിയത്.

Advertising
Advertising

സി.ഐ.സിയുടെ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തന്നെ പുതിയ കമ്മറ്റിയുണ്ടാക്കാനാണ് ആലോചിക്കുന്നത്. ആ കമ്മറ്റിക്ക് കീഴിയില്‍ വാഫി വഫിയ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ അഫിലിയേറ്റ് ചെയ്യും. അബ്ദുല് ഹക്കീം ഫൈസി യുടെ നേരിട്ട് നിയന്ത്രണത്തിലുള്ള മലപ്പുറത്തെ പാങ്, കാളികാവ് തുടങ്ങി ഏതാനും കാമ്പസുകൾ ഒഴികെ മറ്റു സ്ഥാപനങ്ങളെല്ലാം ഒപ്പമുണ്ടാകുമെന്നാണ് സമസ്ത കരുതുന്നത്.

ഇതോടെ വാഫി - വഫിയ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും അവിടത്തെ വിദ്യാർഥികളുട ഭാവി സംബന്ധിച്ച ആശങ്ക ഒഴിവാക്കാനും ഹക്കീം ഫൈസിയെ പുറത്താക്കിയ നടപടിയെ പൂർണാർഥത്തില്‍ പ്രയോഗത്തിൽകൊണ്ടുവരാനും സമസ്തക്ക് കഴിയും.

സമസ്ത പ്രസിഡന്റ് ജി്ഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുള്ള മുസ്ലിയാർ, പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, യു.എം അബ്ദുറഹിമാൻ മുസ്ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീൻ കുട്ടി മുസ്ല്യാർ വാക്കോട്, എ.വി അബ്ദുറഹിമാൻ മുസ്ല്യാർ, കെ.കെ പി അബ്ദുള്ള മുസ്ലിയാർ, ഇ.എസ് ഹസ്സൻ ഫൈസി, ഐ.ബി ഉസ്മാൻ ഫൈസി, എം.എം അബ്ദുള്ള ഫൈസി, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്ല്യാർ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി, കെ.എം ഉസ്മാൻ ഫൈസി തോടാർ, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ അബ്ദുള്ള മുസ്ലിയാർ, പി.വി അബ്ദുസ്സലാം ദാരിമി എന്നിവർ പങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News