മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

കേസിന്‍റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു

Update: 2021-04-14 07:32 GMT

മുട്ടാർ പുഴയില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സാധ്യത. ഇതിന് മുന്നോടിയായി കേസിന്‍റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. കേസന്വേഷണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനുളള ആലോചന. 

പെണ്‍കുട്ടിയുടെ പിതാവ് സനുമോഹന്‍റെ തിരോധാനത്തെ കുറിച്ചും ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. പത്ത് ദിവസത്തിലേറെയായി തമിഴ്നാട്ടിലെ വിവിധ മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും സനുമോഹനെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. സനുമോഹന്‍ ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

Advertising
Advertising

കഴിഞ്ഞ മാർച്ച് 21നാണ് സനുമോഹനെയും മകളെയും കാണാതാവുന്നത്. കുട്ടിയുടെ മൃതദേഹം പിറ്റേ ദിവസം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. അന്ന് പുലർച്ചെ സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം വാളയാർ അതിർത്തി കടന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്.

അതേസമയം, സനുമോഹന്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ചുള്ള പോലീസിന്‍റെ പരിശോധന ഇന്നും തുടരും. ഫ്ലാറ്റിന്‍റെ അസോസിയേഷൻ സെക്രട്ടറിയായിരുന്ന സനുമോഹന് സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പുനെയിൽ ബിസിനസുകാരനായിരുന്ന സമയത്തും ഇയാള്‍ക്ക് വലിയ കടബാധ്യതയുണ്ടായിരുന്നതായി ചില സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. സനുമോഹന്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലടക്കം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News