'കുട്ടികളെ ഗണഗീതം പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ്, അവര്‍ പാടിയത് ദേശഭക്തി ഗാനം';സരസ്വതി വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പൽ

ആർഎസ്എസിന്റെ ഗണഗീതം കുട്ടികൾ പാടിയതിൽ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇന്ന് പ്രതികരിച്ചിരുന്നു

Update: 2025-11-09 07:22 GMT
Editor : Lissy P | By : Web Desk

കൊച്ചി: വന്ദേഭാരത് എക്‌സ്‌പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതിൽ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതൻ സ്‌കൂൾ പ്രിൻസിപ്പൽ കെ.പി ഡിന്റോ.

'ഏതോ ലോക്കല്‍ മീഡിയക്കാരാണ് കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞത്. ആദ്യം കുട്ടികള്‍ വന്ദേമാതരം പാടി.അതുകഴിഞ്ഞപ്പോള്‍ മലയാളം പാട്ട് പാടാന്‍ പറഞ്ഞു.ആ സമയത്താണ് കുട്ടികള്‍ ഗണഗീതം പാടിയതെന്നും പ്രിന്‍സിപ്പല്‍ മീഡിയവണിനോട് പറഞ്ഞു. ഗണഗീതം സ്കൂളില്‍ പഠിപ്പിക്കുന്നതിൽ എന്താണ് തെറ്റ്, കുട്ടികൾ പാടിയത് ദേശഭക്തി ഗാനമാണ്'. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന ഗാനവും താന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ഡിന്‍റോ പറഞ്ഞു.

Advertising
Advertising

നേരത്തെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും കുട്ടികള്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ആർഎസ്എസിന്റെ ഗണഗീതം കുട്ടികൾ പാടിയതിൽ തെറ്റില്ല.ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർ എസ് എസിനെ പരാമർശിക്കുന്നില്ലെന്നും ജോർജ് കുര്യൻ തിരുവനന്തപുരത്ത് പറഞ്ഞു.

വന്ദേഭാരത് എക്‌സ്‌പ്രസിൽ വിദ്യാർഥികളെ കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചതിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News