സ്‌കോളര്‍ഷിപ്പ് അനുപാത പുനഃക്രമീകരണം അംഗീകരിക്കാനാവില്ല: കേരള മുസ്‌ലിം ജമാഅത്ത്

മന്ത്രിസഭാ തീരുമാനം സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് ഖലീൽ ബുഖാരി തങ്ങൾ.

Update: 2021-07-16 13:21 GMT

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാത പുനഃക്രമീകരണം അംഗീകരിക്കാനാവില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍, പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. 

മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോട് ഒട്ടും വിരോധമില്ലെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമായി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ വീതിച്ച് നല്‍കുന്നത് അംഗീകരിക്കാനാവില്ല. ന്യൂനപക്ഷത്തിന്‍റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ നിശ്ചയിച്ചത് ലീഗിന്റെ കൂടി അഭിപ്രായം പരിഗണിച്ചാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവന തള്ളി പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അഭിപ്രായം സി.പി.എം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷവുമയി ചര്‍ച്ച നടത്താതെയുള്ള സര്‍ക്കാര്‍ തീരുമാനം പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിനെ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചിരുന്നു. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുള്ള നിലപാടാണ് സര്‍ക്കാര്‍ എടുത്തതെന്ന് മന്ത്രിയും ഐ.എന്‍.എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News