വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അന്വേഷണ റിപ്പോർട്ട് പുറത്ത് വരാത്തതിൽ പ്രതിഷേധവുമായി പരാതിക്കാരി

നടപടിയെടുക്കും വരെ കോഴിക്കോട്‌ മെഡിക്കൽ കോളജിൽ തുടരുമെന്ന് ഹർഷിന

Update: 2022-12-12 07:48 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രികകുടുങ്ങിയ സംഭവത്തിൽ പ്രതിഷേധവുമായി പരാതിക്കാരി ഹർഷിന. ആരോഗ്യവകുപ്പിന്റെ അന്വേഷണറിപ്പോർട്ട് പുറത്ത് വന്നില്ലെന്നും ആരോഗ്യ മന്ത്രിയെ വിളിച്ചിട്ട് മറുപടി പറയുന്നില്ലെന്നും ഹർഷിന ആരോപിച്ചു. അന്വേഷണം റിപ്പോർട്ടിൽ നടപടിയെടുക്കും വരെ കോഴിക്കോട്‌മെഡിക്കൽ കോളജിൽ തുടരാനാണ് ഹർഷിനയുടെ തീരുമാനം.

പ്രതിഷേധത്തിന് പിന്നാലെ ആദ്യ അന്വേഷണ റിപ്പോർട്ടില്‍ വ്യക്തത വരുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  ചുമതലപ്പെടുത്തി. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ സ്ത്രീയുടെ പക്ഷത്തു നിന്ന് തന്നെയാണ്. ഹർഷിനയെ വിളിച്ച് അന്വേഷണ പുരോഗതി അറിയിച്ചതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നു വച്ച കത്രിക മൂത്രസഞ്ചിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിലാണ് മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക തറച്ചു നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാജോർജ് ഉത്തരവിട്ടിരുന്നു.

എന്നാൽ യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിലേതാകാൻ സാധ്യതയില്ലെന്നായിരുന്നു ആഭ്യന്തര അന്വേഷണ റിപ്പോർട്ട് . ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ലെന്നും കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News