അതിജീവിതക്കെതിരായ സൈബര്‍ ആക്രമണം; രാഹുൽ ഈശ്വറിന്‍റെ വീട്ടിൽ പരിശോധന, ലാപ്ടോപ് പിടിച്ചെടുത്തു
സൈബർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ലാപ്ടോപ് പിടിച്ചെടുത്തു . സൈബർ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
അൽപസമയത്തിനകം രാഹുലിനെ കോടതിയിൽ ഹാജരാക്കും. രാഹുലിനായി ഇനിയും പ്രതികരിക്കുമെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പ്രതികരണം. കേസിൽ നാലാം പ്രതിയായ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി.
അതിജീവിതയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് രാഹുൽ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാഹുലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ച ലാപ്ടോപ് അടക്കമുള്ള ഉപകരണങ്ങൾ കണ്ടെത്താൻ രാഹുലിന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുൽ നിഷേധിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുൽ പറഞ്ഞു.
അതിനിടെ കേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇരയുടെ വ്യക്തിത്വം വെളിവാക്കിയിട്ടില്ലെന്നും ഒന്നരവർഷം മുമ്പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മറ്റാളുകൾ കമന്‍റ് ചെയ്തതാണ് എന്നുമാണ് ജാമ്യഹരജിയിൽ സന്ദീപിന്‍റെ വാദം. അതിനിടെ അതിജീവിതക്കെതിരായ എല്ലാ ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് പൊലീസ് മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്.