Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: നാലുദിവസം നീണ്ടുനിന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സെക്രട്ടറി പി.എം ആർഷോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, അഖിലേന്ത്യ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലും പൊതു ചർച്ച നടന്നു. ഈ ചർച്ചയ്ക്കുള്ള മറുപടി ഇന്നുണ്ടാകും.
തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയേയും, പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ സെക്രട്ടറി ആർഷോ സ്ഥാനം ഒഴിയും. നിലവിലെ പ്രസിഡന്റ് അനുശ്രിയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സെക്രട്ടറി ശിവപ്രസാദ് കണ്ണൂർ ജില്ലയിൽ നിന്നുള്ള സഞ്ജീവ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
കേരള സർവ്വകലാശാല വിദ്യാർഥി യൂണിയനെ പ്രവർത്തിക്കാൻ അനുവദിക്കുക, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം ചെറുക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.