അസമിലെ ബിജെപി മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്; അഭിമാനിയായ ഹിന്ദു എന്ന നിലയിൽ കൂട്ടക്കൊലകളെ ന്യായീകരിക്കില്ലെന്ന് ശശി തരൂർ

1989ലെ ഭാഗല്‍പൂര്‍ മുസ്‌ലിം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ആരോഗ്യ മന്ത്രിയുടെ വിദ്വേഷ പോസ്റ്റ്

Update: 2025-11-16 11:33 GMT

ന്യൂഡൽഹി: ബിഹാറില്‍ എന്‍ഡിഎ സഖ്യം വിജയിച്ചതിന് പിന്നാലെ അസമിലെ ബിജെപി മന്ത്രി അശോക് സിംഗാളിന്റെ വിദ്വേഷ പോസ്റ്റിൽ പ്രതികരണവുമായി ശശി തരൂർ. അശോക് സിംഗാളിന്റെ പോസ്റ്റിന് മറുപടിയായി ഒരാൾ തരൂരിനെ ടാഗ് ചെയ്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്വിറ്ററിൽ പോസ്റ്റിന് താഴെ പ്രതികരിച്ച ഒരാൾ സിംഗാളിന്റെ പോസ്റ്റിന് മറുപടി നൽകുകയും തരൂരിനെ ടാഗ് ചെയ്യുകയും ചെയ്തു. ബിഹാറി മുസ്‌ലിംകൾക്കെതിരെ നടന്ന കൂട്ടക്കൊലയിലെ സാധാരണവത്കരണത്തെ അപലപിക്കാൻ സ്വാധീനമുള്ള ഹിന്ദു നേതാക്കളെ ഈ മുതിർന്ന കോൺഗ്രസ് നേതാവിന് ലഭിക്കുമോ എന്നായിരുന്നു തരൂരിനോടുള്ള ചോദ്യം.

Advertising
Advertising

#InclusiveIndiaയുടെ വക്താവ് എന്ന നിലയിലും അഭിമാനിയായ ഒരു ഹിന്ദു എന്ന നിലയിലും, നമ്മുടെ വിശ്വാസമോ ദേശീയതയോ അത്തരം കൂട്ടക്കൊലകളെ ആവശ്യപ്പെടുകയോ ന്യായീകരിക്കുകയോ ക്ഷമിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു തരൂരിൻ്റെ മറുപടി, അവയെ അഭിനന്ദിക്കുക പോലും ചെയ്യുന്നില്ലെന്ന് പറയുമ്പോൾ, തനിക്കും തനിക്കറിയാവുന്ന മിക്ക ഹിന്ദുക്കൾക്കും വേണ്ടിയും സംസാരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു കമ്യൂണിറ്റി ഓർഗനൈസർ അല്ലാത്തതുകൊണ്ട് സംയുക്ത പ്രസ്താവനകൾ തന്റെ ജോലിയല്ലെന്നും ശശി തരൂർ പറഞ്ഞു. അസം മന്ത്രിയുടെ പോസ്റ്റിനെ അദ്ദേഹം 'അപലപിച്ചു'.

1989ലെ ഭാഗല്‍പൂര്‍ മുസ്‌ലിം കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചായിരുന്നു ആരോഗ്യമന്ത്രിയുടെ വിദ്വേഷ പോസ്റ്റ്. 'ബിഹാര്‍ ഗോബി (കോളിഫ്ലവര്‍) കൃഷി അംഗീകരിച്ചിരിക്കുന്നു' എന്നാണ് കോളിഫ്ലവര്‍ കൃഷിയുടെ ചിത്രം പങ്കുവച്ച് മന്ത്രി എക്സില്‍ കുറിച്ചത്. 1989 ഒക്ടോബര്‍ 24ന് ആരംഭിച്ച ഭാഗല്‍പൂര്‍ കലാപത്തെ സൂചിപ്പിക്കാനാണ് സംഘ്പരിവാര്‍ കോളിഫ്ലവര്‍ ചിത്രങ്ങള്‍ പ്രതീകാത്മകമായി ഉപയോഗിക്കുന്നത്. ഇതിന് മുമ്പും കോളിഫ്ലവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് സംഘ്പരിവാര്‍ ഹാന്‍ഡിലുകളും നേതാക്കളും വെറുപ്പ് പ്രചരിപ്പിച്ചിരുന്നു.

ഭാഗൽപൂർ ജില്ലയിലെ ഗൊരാദിഹ് ബ്ലോക്കിലെ ലോഗെയ്ൻ എന്ന ഗ്രാമത്തിലാണ് മുസ്‌ലിംകളെ കൂട്ടത്തോടെ കൊലപ്പെടുത്തി മൃതദേഹങ്ങൾക്ക് മുകളിൽ കോളിഫ്ലവർ തൈകൾ നട്ടുപിടിപ്പിച്ച് തെളിവ് നശിപ്പിച്ചത്. രാമജന്മഭൂമി പ്രചാരണവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായിരുന്നു ഭാഗൽപൂരിലെ കൂട്ടക്കൊലയും. കൂട്ടക്കൊലയുടെ ഭീകരമായ ഓർമപ്പെടുത്തലായി കോളിഫ്ലവറിന്റെ ചിത്രങ്ങൾ അന്നുമുതൽ സംഘ്പരിവാര്‍ ഉപയോഗിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളുടെ വരവോടെ വിദ്വേഷ പ്രചാരണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം, മാർച്ചിൽ നാഗ്പൂരിൽ നടന്ന അക്രമസംഭവങ്ങളിലും ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ ആഘോഷിക്കാനും കർണാടകയിലെ ബിജെപി യൂണിറ്റ്, കോളിഫ്ലവറിനെ ഒരു മീമായി ഉപയോഗിച്ചിരുന്നു.

അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. അസമിലെ ഒരു കാബിനറ്റ് മന്ത്രിയാണ് ബിഹാറിലെ ഭാഗൽപൂരിൽ മുസ്‌ലിംകളുടെ കൂട്ടക്കൊല ആവർത്തിക്കണമെന്ന് പരസ്യമായി സൂചിപ്പിക്കുന്നതെന്ന് മന്ത്രിയുടെ വിദ്വേഷ പോസ്റ്റ് പങ്കുവച്ച് പലരും കുറിക്കുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News