'അവൾ പലതും അനുഭവിച്ചു, ജീവിതം എന്തെന്ന് മനസ്സിലാക്കി'; മകളുടെ ജന്മദിനത്തിൽ കുറിപ്പുമായി റൈഹാന സിദ്ധീഖ്

അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് റൈഹാന സിദ്ധീഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്

Update: 2022-11-30 12:34 GMT
Editor : afsal137 | By : Web Desk

മകളുടെ ജന്മദിനത്തിൽ വികാരനിർഭരമായ കുറിപ്പുമായി യു.എ.പി.എ കേസിൽ ഉത്തർപ്രദേശിൽ ജയിലിലടക്കപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധീഖ്. ഇളയ മകൾ മെഹ്‌നാസ് കാപ്പന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റൈഹാനയുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്തു വയസ്സിനുള്ളിൽ തന്നെ മകൾ പലതും അനുഭവിച്ചുവെന്നും ജീവിതം എന്തെന്ന് മനസ്സിലാക്കിയെന്നും റൈഹാന സിദ്ധീഖ് ഫേസ്ബുക്കിൽ കുറിച്ചു.

'ഇന്ന് ഞങ്ങളുടെ മോളുടെ ജന്മദിനമാണ്. ഇന്നവൾക്ക് പത്ത് വയസായി, പത്തു വയസ്സിനുള്ളിൽ അവൾ പലതും അനുഭവിച്ചു, പലതും പഠിച്ചു. ഡൽഹിയിലേയും ലക്‌നൗ നഗരങ്ങളിലും പലപ്പോഴും യാത്രകൾ നടത്തി, ജീവിതം എന്തെന്ന് മനസ്സിലാക്കി, വലിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ആരോരുമില്ലാത്ത ബാല്യങ്ങളെ റോഡരികിൽ കൈനീട്ടി യാചിക്കുന്നത് കണ്ട് തരിച്ചു നിന്നു'', ദുരനുഭവങ്ങളെ ഓർത്തെടുത്ത റൈഹാന സിദ്ധീഖ് ഇന്ത്യൻ സാമൂഹ്യസാഹചര്യങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്നുണ്ട്.

Advertising
Advertising

തെരുവിൽ യാചിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ കാണാത്ത പോലെ നിൽക്കാൻ തന്നെ പോലെ തന്റെ കുഞ്ഞുങ്ങൾക്കും സാധിച്ചില്ല. ഓരോ കുരുന്നുകളെയും സ്ത്രീകളെയും, കുഴിഞ്ഞ കണ്ണുകൾ കൊണ്ട് ദയനീയമായി സഹായം ചോദിക്കുന്നവരെയും കണ്ട് കാണാത്ത പോലെ നിൽക്കാൻ കഴിയുന്നില്ലെന്നും ഓരോ മനുഷ്യരെയും കാണുമ്പോൾ മകൾ തന്റെ കൈ പിടിച്ചു വെക്കുമെന്നും റൈഹാന സിദ്ധീഖ് പറയുന്നു.

മക്കൾക്ക് അവർ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് മനസിലാക്കാൻ ആ യാത്രകൾ കൊണ്ട് സാധിച്ചു, നമ്മെക്കാളും വേദനകൾ അനുഭവിക്കുന്ന എത്ര എത്ര മനുഷ്യരാണ് എന്ന ചിന്ത. അവരുടെ ഉപ്പച്ചി അവരോട് പറയാറുണ്ട്. 'എന്റെ മക്കൾ നന്നായി പഠിക്കണം, സമൂഹത്തിനു നന്മ ചെയ്യുന്ന മക്കളായി വളരണം, സ്ത്രീകളോടും മുതിർന്നവരോടും ബഹുമാനത്തോടെ പെരുമാറണം, സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ ചേർത്തുപിടിക്കണം എന്നൊക്കെ... അങ്ങനെ തന്നെ വളരാൻ ദൈവം അനുഗ്രഹിക്കട്ടെ അസത്യത്തിന് മേൽ സത്യം വിജയിക്കുമെന്ന പ്രതീക്ഷയോടെ.. പ്രാർത്ഥനയോടെ എന്ന് പറഞ്ഞ റൈഹാന സിദ്ധീഖ് ശുഭാപ്തി വിശ്വസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News