'വേഗം കുതിക്കുമീ വണ്ടിയിൽ കയറുക': കവി റഫീഖ് അഹമ്മദിന് മറുപടിക്കവിതയുമായി ഷിജുഖാൻ

തണ്ണീർത്തടങ്ങൾ, തെങ്ങിൻ നിരകൾ, കണ്ടൽക്കാട്, ഭഗവതിക്കാവ് എന്നിവയെയൊന്നും തീണ്ടുന്നില്ലെന്നതടക്കം കെ റെയിലിന് അനുകൂലമായ വാദങ്ങളാണ് കവിതയിലുള്ളത്

Update: 2022-01-25 14:13 GMT
Advertising

കെ റെയിലിനെ വിമർശിച്ച് കവിതയെഴുതിയ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന് മറുപടിക്കവിതയുമായി സിപിഎം നേതാവ് ഡോ. ഷിജുഖാൻ. 'സ്‌നേഹപൂർവം റഫീക്ക് അഹമ്മദിന്' എന്ന തലക്കെട്ടിലുള്ള കവിത അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. 'ചോദ്യങ്ങളസ്സലായ് ചോദിയ്ക്ക നിത്യം' എന്ന വരികളോടെ തുടങ്ങുന്ന കവിത തിരുവനന്തപുരത്തെ സ്പന്ദനവും തുളുദേശമായ കാസർകോട്ടെ ജീവിതവുമൊക്കെ അരികിലെത്തിക്കുമാർ വേഗത്തിൽ കുതിക്കുന്ന ഈ വണ്ടിയിൽ കയറണമെന്ന ആഹ്വാനത്തോടെയാണ് അവസാനിക്കുന്നത്. തണ്ണീർത്തടങ്ങൾ, തെങ്ങിൻ നിരകൾ, കണ്ടൽക്കാട്, ഭഗവതിക്കാവ് എന്നിവയെയൊന്നും തീണ്ടുന്നില്ലെന്നതടക്കം കെ റെയിലിന് അനുകൂലമായ വാദങ്ങളാണ് കവിതയിലുള്ളത്.

Full View

നേരത്തെ കെ റെയിലിനെതിരെ 'ഹേ...കേ... എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..' എന്നിങ്ങനെ തുടങ്ങുന്ന കവിത എഴുതിയതിന്റെ പേരില റഫീഖ് അഹമ്മദിനെതിരെ ഇടതുപക്ഷ അനുകൂലികൾ രൂക്ഷ സൈബർ ആക്രമണം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം വീണ്ടും കവിതയിലൂടെ തന്നെ അവർക്ക് മറുപടി നൽകി. 'തെറിയാൽ തടുക്കുവാൻ കഴിയില്ല തറയുന്ന മുനയുള്ള ചോദ്യങ്ങളെ'ന്ന് നാലുവരിക്കവിത ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

Full View


സൈബർ ആക്രമണത്തിൽ റഫീഖ് അഹമ്മദിന് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. താനും കെ-റെയിലിന് എതിരാണെന്നും ഇക്കാര്യത്തിൽ റഫീഖ് അഹമ്മദ് ഒറ്റയ്ക്കല്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ലെന്നും അവർ വ്യക്തമാക്കി. കേരളത്തിന് അപരിഹാര്യമായ പാരിസ്ഥിതികാഘാതം വരുത്തിവയ്ക്കാൻ പോകുന്ന പദ്ധതിയാണ് കെ-റെയിലെന്നും അതിനോടുള്ള എന്റെ ശക്തമായ എതിർപ്പ് അറിയിക്കുന്നുവെന്നും അവർ പറഞ്ഞു. ''ഇതൊരു ജനാധിപത്യരാജ്യമാണ്. അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. തെറികൊണ്ട് വാമൂടിക്കെട്ടിയാൽ സത്യം നുരഞ്ഞുപൊങ്ങാതിരിക്കില്ല.''-സാറാ ജോസഫ് കുറിച്ചു.

Full View

നമ്മുടെ എഴുത്തുകാരും സാംസ്‌കാരികപ്രവർത്തകരും പൊതുജനങ്ങളും ഓർക്കണം, അന്ന് സുഗതകുമാരി, അയ്യപ്പപണിക്കർ, എംടി, വിഷ്ണുനാരായണൻ നമ്പൂതിരി, എംകെ പ്രസാദ് മാഷ് തുടങ്ങി ഒട്ടേറെപ്പേർ കക്ഷിരാഷ്ട്രീയപ്പാർട്ടി താൽപര്യത്തിനപ്പുറത്ത് ശക്തമായ നിലപാടെടുത്ത് ഉറച്ചുനിന്നതുകൊണ്ടാണ് ഇന്ന് സൈലന്റ്വാലിയെന്ന വനസമ്പത്ത് കേരളത്തിനും ലോകത്തിന് മുഴുവനും ഉപകാരപ്രദമായി നിലനിൽക്കുന്നത്. വികസനമല്ല നിലനിൽപ്പാണ് പ്രധാനം. വേഗം വേണ്ടവർ പറക്കട്ടെ. ബഹുഭൂരിപക്ഷം സാധാരണക്കാർക്ക് നടുവൊടിയാതെ യാത്രചെയ്യാനുള്ള റോഡുകൾ ആദ്യം നിർമിച്ചുതരിക. ഭൂരിപക്ഷം ജനങ്ങൾക്കുവേണ്ടിയാവണം വികസനം; ഭരണകർത്താക്കൾക്കും കോർപറേറ്റുകൾക്കും വേണ്ടിയാവരുത്..''-സാറാ ജോസഫ് കൂട്ടിച്ചേർത്തു.

കവി റഫീഖ് അഹമ്മദിന് ഡോ. ഷിജുഖാൻ എഴുതിയ മറുപടിക്കവിത

സ്നേഹപൂർവം

റഫീക്ക് അഹമ്മദിന്

________________________

ചോദ്യങ്ങളസ്സലായ്

ചോദിയ്ക്ക നിത്യം .

അർദ്ധവിരാമങ്ങൾകൊണ്ടുള്ളു പൊള്ളിക്കുക.

അത്രമേൽ വേഗത്തിലത്രതിടുക്കത്തിലങ്ങോട്ടു പായുക ,

ജീവിതമെത്ര ഹ്രസ്വം

ദീപ്തം.

തണ്ണീർത്തടങ്ങളെ,

തെങ്ങിൻ നിരകളെ ,

കണ്ടൽക്കാടിനെ,

ഭഗവതിക്കാവിനെ,

തലമുറപ്പെരുമയുടെ നാട്ടുകുളത്തിനെ , സംസ്കൃതി പൂക്കുന്ന സഹ്യസാനുക്കളെ

ആരു തീണ്ടുന്നു ?

നേരൊളിപ്പിച്ച്പോവുന്ന -

താത്മനിന്ദ ,മറ്റെന്തു പേരിടും?

വെള്ളിവരവണ്ടികൾ

പായുന്ന വേഗത്തിലാകാശവിസ്മയപ്പാതകൾ, കണ്ണടച്ചുതുറക്കുന്നനേരത്തിനപ്പുറം

കാത്തിരിപ്പിന്റെ നഷ്ടങ്ങളില്ല ഹേ!

അഴലുകൾ ,

വാഹനക്കുഴലുകൾ,

ആയിരം വളവുകൾ ,

അപകടനിരത്തുകളി -

ലരുമക്കിടാങ്ങൾ ,

അലതല്ലിയൊഴുകുന്ന

ചോരപ്പുലരികൾ,

വേരറ്റുപിടയുന്ന

ജീവിതമോഹങ്ങൾ,

ചരമക്കുറിപ്പുകൾ

ഒന്നുമറിയാതങ്ങ്

ഗാനപ്രപഞ്ചത്തിലാലോലമാടുക !

പമ്പയെ,

പ്പേരാറ്റിനെ

ഭാരതപ്പുഴകൾതൻ

ഭാവശീലങ്ങളെ,

ഇഷ്ടമുടി,

അഷ്ടമുടികായൽപ്പരപ്പിനെ

ആരു നോവിക്കുന്നു

ആരു മോഹിക്കുന്നു ?

ഏഴകൾക്കന്നം

രോഗികൾക്കഭയം

സ്നേഹസുഗന്ധമിറ്റിച്ച

സംസ്കാരലേപനം.

തീവ്രദരിദ്രർക്ക് കൈത്താങ്ങ്

ലക്ഷം സ്നേഹഭവനങ്ങൾ

കിടപ്പാട മുദ്രകൾ

നിസ്വപക്ഷത്തിന്റെ രാഷ്ട്രീയമന്ത്രണം.

നിശ്ചയം നമ്മളെത്തും ദിക്കുകളൊക്കെയും നമ്മൾ തൻ പൂർവികർ ചൂണ്ടിയ വിരലുകൾ.

മക്കൾ, ചെറുമക്ക,ളിനിയും പിറക്കാത്ത പൊൻകിടാങ്ങൾക്കസ്ത്രവേഗത്തിൽ കുതിയ്ക്കണം നീളേ .

നല്ലത് പറയുക;

കളവുകൾ ചൊല്ലിപ്പിരിയാതിരിക്കുക.

സത്യബോധനം

നിത്യപാരായണപ്പതിവാക്കുക.

നഗരത്തിരക്കുകൾ

ശകുനപ്പിഴകൾ ;

ശമനത്തിനായി നാം

പുതുവഴികൾ വെട്ടുക.

അനന്തപുരസ്പന്ദനം

തുളുദേശ ജീവിതം

അരികിലവയൊക്കെയും

ഹൃദ്യം പുളകിതം.

വേഗം കുതിക്കുമീ

വണ്ടിയിൽ

കയറുക.

Shijukhan responds to poet Rafeeq Ahmed with 'Get in K RAIL fast'

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News